കൊടുപ്പുന്നയുടെ ദാഹമകറ്റാൻ മോഹൻലാലിന്റെ കൈത്താങ്ങ്

Thursday 08 June 2023 1:57 AM IST

ആലപ്പുഴ: മുപ്പത് വർഷമായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന എടത്വ ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് ആശ്വാസമേകി നടൻ മോഹൻലാലിന്റെ സ്നേഹസമ്മാനം. ബി.ഐ.എസ് നിലവാരത്തിൽ ഒൻപത് ലക്ഷം ലിറ്റർ ശേഷിയുള്ള ഓട്ടോമേറ്റഡ് കുടിവെള്ള പ്ലാന്റ് മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് ഒന്നാം വാർഡായ കൊടുപ്പുന്നയിലെത്തിച്ചത്. പ്രദേശത്തെ അമ്മമാർ ഒത്തുചേർന്ന് ഒരുമാസം മുമ്പ് മോഹൻലാലിനെ ഫോൺ വിളിച്ച് അറിയിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. വിശ്വശാന്തിയും,ഇ.വൈ.ജി.ഡി.എസ് എന്ന കമ്പനിയും ചേർന്നാണ് ട്രീറ്റ്മെന്റ് പ്ലാന്റ് അടക്കമുള്ള കുടിവെള്ള സംവിധാനം സ്ഥാപിച്ചത്. ഗുണഭോക്താക്കൾക്ക് നൽകുന്ന ഇലക്ട്രോണിക്ക് കാർഡുപയോഗിച്ച് കുടിവെള്ളം സൗജന്യമായി പ്ലാന്റിൽ നിന്ന് ശേഖരിക്കാം. കോളിഫോം,ഇ-കോളി ബാക്ടീരിയകളെ നശിപ്പിക്കാനുള്ള ശേഷിയും പ്ലാന്റിനുണ്ട്. പ്ലാന്റിന്റെ ഉദ്ഘാടനം വിശ്വശാന്തി മാനേജിംഗ് ഡയറക്ടർ മേജർ രവി നിർവഹിച്ചു. ഇലക്ട്രോണിക്ക് കാർഡിന്റെ വിതരണം ഡയറക്ടർ സജീവ് സോമൻ നിർവഹിച്ചു. ഇ.വൈ.ജി.ഡി.എസ് കേരള സി.എസ്.ആർ മേധാവി വി.എസ്.വിനോദ്,വിശ്വശാന്തി പ്രൊജക്ട് കൺസൾട്ടന്റ് കെ.അരുൺ,വാർഡ് മെമ്പർ ദീപാ ഗോപകുമാർ തുടങ്ങിയവർ പങ്കെടുത്തു.