ലോകകേരള സഭ; വിദേശയാത്ര ധൂർത്തെന്ന പ്രതിപക്ഷ വിമർശനം തള്ളി മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലേയ്ക്ക് തിരിച്ചു

Thursday 08 June 2023 7:48 AM IST

തിരുവനന്തപുരം: വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമിടെ ലോകകേരള സഭ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേയ്ക്ക് തിരിച്ചു. രാവിലെ 4.35നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ തിരുവനന്തപുരത്തുനിന്ന് ദുബായ് വഴിയാണ് ന്യൂയോർക്കിലേയ്ക്ക് പോകുന്നത്.

ധനമന്ത്രി കെ എൻ ബാലഗോപാൽ, സ്‌പീക്കർ എ എൻ ഷംസീർ എന്നിവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ന്യൂയോർക്കിൽ നടക്കുന്ന ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനം മറ്റെന്നാളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. ജൂൺ 15, 16 തീയതികളിൽ മുഖ്യമന്ത്രി ക്യൂബ സന്ദർശിക്കും.

ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, വിവിധ വകുപ്പുസെക്രട്ടറിമാർ, മുഖ്യമന്ത്രിയുടെ പി.എ വി.എ. സുനീഷ് എന്നിവരും മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും ഒപ്പം പോകുന്നുണ്ട്. സ്പീക്കർക്കൊപ്പം ഭാര്യയും മകനുമുണ്ട്. നോർക്ക വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനും സംഘവും നേരത്തേ അമേരിക്കയിലേക്ക് പുറപ്പെട്ടിരുന്നു. അമേരിക്കൻ സന്ദർശനത്തിന് ശേഷം ക്യൂബയിലേക്ക് പോകുന്ന സംഘത്തിൽ മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വീണ ജോർജുമുണ്ടാകും. ജൂൺ19ന് മുഖ്യമന്ത്രിയും സംഘവും മടങ്ങിയെത്തും.

അതേസമയം, മുഖ്യമന്ത്രിയുടെ വിദേശയാത്ര ധ‌ൂർത്താണെന്ന പ്രതിപക്ഷത്തിന്റെ വിമർശനം രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. വിദേശ സന്ദർശനം കേരളത്തിന് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.