'മെയ്‌ക്ക് ഇൻ ഇന്ത്യ' അല്ല; പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിവച്ച് കേബിളുകൾ ചൈനയിൽ നിന്നെന്ന് എ ജിയുടെ കണ്ടെത്തൽ
തിരുവനന്തപുരം: ഇന്ത്യൻ നിർമിത ഉത്‌പന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച് കെ ഫോൺ പദ്ധതിയിൽ ഉപയോഗിച്ചത് ചൈനീസ് കേബിളെന്ന് എ ജിയുടെ കണ്ടെത്തൽ. കേബിളിന്റെ 70 ശതമാനം ഭാഗങ്ങളും ചൈനയിൽ നിന്നെത്തിച്ചതാണ്. കേബിളിന്റെ ഗുണനിലവാരത്തിൽ പദ്ധതിയുടെ പങ്കാളിയായ കെ എസ് ഇ ബിയ്ക്കും സംശയമുണ്ട്. കെ ഫോൺ ഓഡിറ്റിലാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്.
കരാർ കമ്പനിയായ എൽ എസ് കേബിളിന് കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡ് (കെ എസ് ഐ ടി എൽ) നൽകിയത് അനർഹമായ സഹായമാണെന്നും ഒപ്‌റ്റിക്കൽ ഗ്രൗണ്ട് വയറിന്റെ പ്രധാന ഘടകമായ ഒപ്‌റ്റിക്കൽ യൂണിറ്റും ചൈനീസ് കമ്പനിയുടേതാണെന്നും എ ജിയുടെ റിപ്പോർട്ടിൽ പറയുന്നു. കെ ഫോണിന്റെ കേബിളുകൾ ചൈനീസ് കമ്പനിയുടേതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചപ്പോൾ കെ ഫോൺ അധികൃതർ ഇത് നിഷേധിച്ചിരുന്നു.
എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ അഞ്ചിനാണ് ഉദ്ഘാടനം ചെയ്തത്. എല്ലാവർക്കും ഇന്റർനെറ്റ് എന്ന് പറഞ്ഞപ്പോൾ സ്വപ്‌നമായേ എല്ലാവരും കരുതിയുള്ളൂവെന്നും എന്നാലതും യഥാർത്ഥ്യമായെന്നുമാണ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.