പല ചോദ്യങ്ങളും ഉന്നം വച്ചിരുന്നത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ, സദാചാര പൊലീസിനെപ്പോലെ; സോളാർ കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി മുൻ ഡി ജി പി

Thursday 08 June 2023 10:38 AM IST

തിരുവനന്തപുരം: സോളാർ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനും മുൻ ഡി ജി പിയുമായ എ ഹേമചന്ദ്രൻ. 'നീതി എവിടെ, ഉള്ളിൽ തട്ടിയ പൊലീസ് അനുഭവങ്ങൾ' എന്ന തന്റെ സർവീസ് സ്റ്റോറിയിലാണ് സോളാർ ജുഡീഷ്യൽ കമ്മീഷനായിരുന്ന ജസ്റ്റിസ് ജി ശിവരാജനെതിരെ വിമർശനം.

സദാചാര പൊലീസിന്റെ മാനസികാവസ്ഥയായിരുന്നു കമ്മീഷനെന്നും, പല ചോദ്യങ്ങളും സ്ത്രീ - പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമായിരുന്നു ഉന്നംവച്ചിരുന്നതെന്നും പുസ്തകത്തിൽ പുറയുന്നു. കൂടാതെ റിപ്പോർട്ടിന്റെ നിയമസാധുധ പരിശോധിക്കാതെയാണ് സർക്കാർ മുന്നോട്ടുപോയതെന്നും ഹേമചന്ദ്രൻ വിമർശിക്കുന്നു. സോളാർ കേസിൽ അന്വേഷണ സംഘത്തിന്റെ തലവൻ എന്ന നിലയിൽ കമ്മീഷന് മുന്നിൽ ഹാജരായപ്പോഴുണ്ടായ അനുഭവങ്ങളും അദ്ദേഹം തുറന്നുപറയുന്നു. കേസിലെ പ്രതിയായ യുവതിയുടെ കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് അന്വേഷിച്ചോയെന്ന് കമ്മീഷൻ ചോദിച്ചു. കൂടാതെ യുവതിയുടെ ആകൃതിയും വസ്ത്രധാരണവുമെല്ലാം കമ്മീഷൻ വർണിച്ചുവെന്നും അതിരുകടന്നപ്പോൾ പരാതിപ്പെടേണ്ടിവന്നെന്നും ഹേമചന്ദ്രൻ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക തട്ടിപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ രണ്ട് യുവ വ്യവസായികളെന്നാണ് കമ്മീഷൻ അഭിസംബോധന ചെയ്തത്. കമ്മീഷന്റെ വിശ്വാസം അവർ ചൂഷണം ചെയ്‌തെന്നും ഇതാണ് മുൻ മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള അശ്ലീല സി ഡി റെയിഡെന്ന നാടകത്തിലേക്ക് നയിച്ചതെന്നും പുസ്തകത്തിൽ പറയുന്നു.