ഇൻഡിഗോ വിമാനത്തിലെ സംഘർഷം; ഇ പി ജയരാജനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്, എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നോട്ടീസ്

Thursday 08 June 2023 4:00 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനെതിരായ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്. എതിർപ്പുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാർക്ക് നോട്ടീസയച്ചു.

കഴിഞ്ഞ വർഷം ജൂൺ പന്ത്രണ്ടിന് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്‌‌ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ തലശ്ശേരി സ്വദേശി ഫർസീൻ മജീദ്, പട്ടന്നൂർ സ്വദേശി ആർ. കെ. നവീൻ എന്നിവർ പ്രതിഷേധിക്കുകയായിരുന്നു.

പ്രതിഷേധനത്തിനിടയിൽ ജയരാജൻ ഫർസീൻ മജീദിനെയും നവീനിനെയും തള്ളിയിട്ടെന്നായിരുന്നു ആരോപണം. കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവാക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് സംഭവത്തിൽ കേസെടുക്കാൻ കോടതി വലിയതുറ പൊലീസിന് നിർദേശം നൽകുകയായിരുന്നു. ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സൺൽ സ്റ്റാഫുകളായ അനിൽ കുമാർ, വി എം സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിരുന്നു.