ഹൈക്കോടതി പരാമർശം, മാലിന്യം സംസ്കരിക്കാത്ത തദ്ദേശ സെക്രട്ടറി ശമ്പളം വാങ്ങരുത്

Friday 09 June 2023 4:11 AM IST

കൊച്ചി: മാലിന്യ സംസ്‌കരണത്തിന്റെ ചുമതലയുള്ള തദ്ദേശസ്ഥാപന സെക്രട്ടറിമാർ വീഴ്ച വരുത്തിയാൽ ശമ്പളം വാങ്ങാൻ ധാർമ്മിക അവകാശമില്ലെന്ന് ഹൈക്കോടതി. ഇങ്ങനെ വാങ്ങുന്ന ശമ്പളം പെൻഷൻതുകയായേ കരുതാനാകൂ. ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് ഇക്കാര്യം വാക്കാൽ വ്യക്തമാക്കിയത്. ബ്രഹ്മപുരത്ത് മാലിന്യത്തിന് തീപിടിച്ചതിനെ തുടർന്ന് സ്വമേധയാ സ്വീകരിച്ച ഹർജിയിലായിരുന്നു പ്രതികരണം. നഗരങ്ങളിലെ മാലിന്യ സംസ്‌കരണത്തിൽ ഏറ്റവും പിന്നിൽ കൊച്ചിയാണെന്ന് തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ബോധിപ്പിച്ചു. തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ. കോഴിക്കോട്ടെ മാലിന്യ സംസ്‌കരണം മികച്ചതാണ്. മുനിസിപ്പാലിറ്റികളിൽ പുനലൂർ, ആലപ്പുഴ, ചേർത്തല, കുന്നംകുളം എന്നിവ മുന്നിലാണ്. അതേസമയം, ചേർത്തല നഗരസഭ മാത്രമാണ് മികവ് പുലർത്തുന്നതെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് കോടതി പ്രതികരിച്ചു. കേസിൽ കക്ഷി ചേർന്ന പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, മണ്ഡലത്തിൽ നടത്തിയ മാലിന്യ സംസ്‌കരണ പദ്ധതികളെയും കോടതി പരാമർശിച്ചു. മറ്റ് സ്ഥലങ്ങളിൽ ഈ രീതി പിന്തുടരാവുന്നതാണെന്ന് കോടതി​ പറഞ്ഞു.

തിരുവനന്തപുരത്ത് ബയോ സി.എൻ.ജി പ്ലാന്റിന് തത്വത്തിൽ തീരുമാനമായെങ്കിലും സ്ഥലം കിട്ടിയിട്ടില്ലെന്ന് അഡി​ഷണൽ ചീഫ് സെക്രട്ടറി അറിയിച്ചു.