റവന്യൂ അഴിമതിക്കാരെ കർശനമായി നിരീക്ഷിക്കും

Friday 09 June 2023 12:14 AM IST

തിരുവനന്തപുരം:റവന്യൂവകുപ്പിൽ അഴിമതി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനം നടപ്പാക്കും. കഴിഞ്ഞ റവന്യൂ സെക്രട്ടേറിയറ്റിലാണ് ഈ തീരുമാനം. വകുപ്പിനെ അഴിമതി മുക്തമാക്കാനുള്ള നടപടികൾക്കും രൂപം നൽകി.

റവന്യൂ മന്ത്രി,​ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ എന്നിവർ എല്ലാ മാസവും രണ്ട് റവന്യൂ ഓഫീസുകളും കളക്ടർമാർ മാസം അഞ്ച് റവന്യൂ ഓഫീസുകളും ഡെപ്യൂട്ടി കളക്ടർ,​ ആർ. ഡി. ഒ എന്നിവർ മാസം 10 റവന്യൂ ഓഫീസുകളും പരിശോധിക്കണം.

പാലക്കയം വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്റ് സുരേഷ് കുമാർ കൈക്കൂലി കേസിൽ അരസ്റ്റിലായത് സംബന്ധിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇയാളുടെ അഴിമതി റിപ്പോർട്ട് ചെയ്യാതിരുന്ന പാലക്കയം വില്ലേജ് ഓഫീസർക്കെതിരെ കഠിന ശിക്ഷയ്‌ക്കുള്ള ചാർജ് മെമ്മോ നൽകാനും ശുപാർശയുണ്ട്.

വകുപ്പിൽ അഴിമതിക്കെതിരായ നടപടിയുടെ ഭാഗമായി സ്ഥിരം സംവിധാനം ഏർപ്പെടുത്തും. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ അർജുൻ പാണ്ഡ്യന്റെ നേതൃത്വത്തിൽ റവന്യൂ ഓഫീസുകളിൽ നടത്തുന്ന പരിശോധനയുടെ വിവരങ്ങൾ അതത് മാസം ക്രോഡീകരിച്ച് ശുപാർശ സഹിതം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കും മന്ത്രിക്കും നൽകണം. ശുപാർശകളിൽ കാലതാമസം കൂടാതെ നടപടിക്കും തീരുമാനിച്ചു. ഓരോ ഓഫീസിന്റെയും ചാർജുള്ള ഉദ്യോഗസ്ഥർ ചുമതല കാര്യക്ഷമമായി നിർവഹിക്കണം. പരിശോധനാ റിപ്പോർട്ടുകൾ ഓൺലൈനായി സമർപ്പിക്കാനുള്ള പോർട്ടൽ ഈ മാസം ആരംഭിക്കും റവന്യൂ ഉദ്യോഗസ്ഥർ പല ഓഫീസുകളിലും പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. അപേക്ഷകൾ തീർപ്പാക്കുന്നതിലെ കാലതാമസവും മുൻഗണന പാലിക്കാതെ അപേക്ഷകൾ തീർപ്പാക്കിയതും അന്വേഷണ സംഘങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.