 സർക്കാർ ഇടപെടൽ കെ.എസ്.ഡി.പിക്ക് 63 കോടിയുടെ മരുന്ന് ഓർഡർ

Friday 09 June 2023 12:00 AM IST

കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് (കെ.എസ്.ഡി.പി)​ മരുന്നുകളുടെ ഓർഡർ നൽകാതെ അവഗണിക്കുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ കള്ളക്കളിക്ക് തടയിട്ട് സർക്കാർ. 63 കോടിയുടെ മരുന്നിനുള്ള ഓർഡർ ഇന്നലെ സർക്കാർ നിർദ്ദേശപ്രകാരം കെ.എസ്.ഡി.പിക്ക് നൽകി.

സംസ്ഥാനത്തെ ആശുപത്രികൾക്കാവശ്യമായ 70 ശതമാനം മരുന്നുകളും കെ.എസ്.ഡി.പിയിൽ നിന്ന് വാങ്ങണമെന്നാണ് വ്യവസ്ഥയെങ്കിലും മെഡിക്കൽ സർവീസസ് കോർപ്പറേഷൻ (കെ.എം.എസ്.സി.എൽ) പാലിച്ചിരുന്നില്ല. പകരം അന്യസംസ്ഥാനങ്ങളിലെ വൻകിട മരുന്നു കമ്പനികൾക്കാണ് ഓർഡർ നൽകുന്നത്. 'കെ.എസ്.ഡി.പിയെ സർക്കാരിനും വേണ്ട"എന്ന തലക്കെട്ടിൽ മേയ് 18ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് നടപടി.

പനി, പ്രമേഹം ഉൾപ്പെടെ 92 ഇനം മരുന്നുകൾ കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്നുണ്ട്. അടുത്ത വർഷത്തോടെ കാൻസറിനും സ്വന്തം മരുന്ന് വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കഴിഞ്ഞവർഷം 64 കോടിയുടെ ഓർഡർ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കെ.എസ്.ഡി.പിക്ക് നൽകിയെങ്കിൽ ഇക്കൊല്ലം ഇതുവരെ നൽകിയത് ഏഴുകോടിയുടേത് മാത്രം.

സ്വകാര്യ ലോബികളുമായി ഒത്തുകളിച്ച് മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ചില ഉദ്യോഗസ്ഥർ സ്ഥാപനത്തെ അവഗണിക്കുകയായിരുന്നു. കെ.എസ്.ഡി.പി ഉത്പാദിപ്പിക്കുന്ന മരുന്നുകൾക്ക് അന്യസംസ്ഥാനങ്ങളിൽ ഡിമാന്റ് ഏറുമ്പോഴാണ് ഇവിടെ അവഗണിച്ചിരുന്നത്.

തകർക്കാൻ ശ്രമം

ചില സ്വകാര്യ മരുന്നു കമ്പനികൾ കെ.എസ്.ഡി.പിയെ തകർക്കാൻ ശ്രമിക്കുന്നതായി നേരത്തെ ആരോപണമുയർന്നിരുന്നു. ഇവിടത്തെ മരുന്നിന് ഗുണനിലവാരമില്ലെന്ന് വരുത്തിത്തീർക്കാനാണ് നീക്കം. ഈ ലോബികളുടെ സഹായത്തോടെ സർക്കാർ ആശുപത്രികളിലെ ചിലരിൽ നിന്ന് ഇത്തരം ചില ശ്രമമുണ്ടായെന്ന് കെ.എസ്.ഡി.പി സംശയിക്കുന്നു. അടുത്തിടെ കൊല്ലത്തെ സർക്കാർ ആശുപത്രിയിൽ കാലാവധി തീരുംവരെ വിതരണം ചെയ്യാതെ പിന്നീട് പരിശോധന നടത്തി മരുന്നു മോശമാണെന്ന് ആരോപിച്ചിരുന്നു.

വിതരണം ചെയ്യും

പരിശോധിക്കില്ല

മരുന്നു വിതരണം ചെയ്യുന്നതല്ലാതെ ആശുപത്രികൾ അവ ഉപയോഗിക്കുന്നുണ്ടോയെന്നു മെഡിക്കൽ സർവീസസ് കോർപ്പറേഷൻ പരിശോധിക്കാറില്ലെന്ന് ആക്ഷേപമുണ്ട്. സ്വകാര്യ മരുന്നുകമ്പനികളുമായി ചേർന്ന് ചില ഡോക്ടർമാർ അവരുടെ മരുന്നുകൾമാത്രം കുറിക്കുന്നതുകൊണ്ടാണു തങ്ങളുടെ മരുന്നുകൾ ബാക്കിയാകുന്നതെന്നും കെ.എസ്.ഡി.പി സംശയിക്കുന്നു.