@ വില്ലൻ റോളിൽ എ.ഐ ഹീറോ ഹെൽമെറ്റ്
കോഴിക്കോട്: എ.ഐ ക്യാമറ പിഴ വിധിച്ചു തുടങ്ങിയതോടെ വിപണിയിൽ ഹെൽമെറ്റിന് താരപരിവേഷം !. ക്യാമറയിൽ കുടുങ്ങിയ നിയമലംഘനങ്ങളിൽ ഏറെയും ഹെൽമെറ്റില്ലാത്ത യാത്രകളായതിനാൽ പിഴ പേടിച്ച് നിരവധി പേരാണ് ഹെൽമെറ്ര് വാങ്ങാനായി കടകളിലെത്തുന്നത്. ആളൊന്നിന് 500 രൂപ തോതിലാണ് ഹെൽമെറ്റില്ലാത്ത യാത്രയ്ക്ക് പിഴ ചുമത്തുന്നത്.
കുട്ടികൾക്കും സ്ത്രീകൾക്കുമുല്ള ഹെൽമെറ്റിനാണ് ആവശ്യക്കാർ ഏറെയും. ഐ.എസ്.ഐ മാർക്കുള്ള ഹെൽമെറ്റ് ചോദിച്ചാണ് ആവശ്യക്കാർ എത്തുന്നത്. ഹെൽമെറ്റ് വിൽപ്പന തകൃതിയായതോടെ വിലയും കുതിച്ചു. 1000 രൂപയ്ക്ക് മുകളിലാണ് പല ബ്രാൻഡ് ഹെൽമെറ്റിന്റെയും വില. 800 രൂപവരെയുള്ള ഹെൽമെറ്റുകളും വിപണിയിലുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം രൂപകൽപ്പന ചെയ്ത വിവിധ വർണങ്ങളിലുളള ഹെൽമെറ്റുമുണ്ട്. 700 രൂപ മുതലാണ് ഇവയുടെ വില. അതേസമയം കുട്ടികളുടെ ഹെൽമെറ്റിന് ക്ഷാമം നേരിടുന്നുണ്ട്. കാർട്ടൂൺ ചിത്രങ്ങളുള്ള കുട്ടികളുടെ ഹെൽമറ്റുകൾ കടകളിൽ കിട്ടാതായതോടെ പലരും ഓൺലൈനിനെ ആശ്രയിക്കുകയാണ്. ഭാരക്കുറവും ഗുണമേന്മയുമുള്ള ഹെൽമെറ്റുകൾക്കാണ് ആവശ്യക്കാർ കൂടുതലെന്ന് വ്യാപാരികൾ പറയുന്നു. പരിശോധനയിൽ നിന്ന് രക്ഷനേടാൻ ഗുണമേന്മയില്ലാത്ത ഹെൽമെറ്റ് ആവശ്യപ്പെടുന്നവരുമുണ്ട്. വിലക്കുറവാണ് ഇവരെ ആകർഷിക്കുന്ന ഘടകം. 300 രൂപ മുതൽ ഇത്തരം ഹെൽമെറ്റ് ലഭ്യമാണ്.വ്യാജ ഐ.എസ്.ഐ മുദ്ര പതിച്ച ഹെൽമറ്റുകളും വിപണിയിൽ സുലഭമാണ്. പാതയോരങ്ങളിലാണ് വ്യാജ ഹെൽമെറ്റുകളുടെ വിൽപ്പന തകൃതി. എന്നാൽ, ഇത്തരം ഹെൽമെറ്റുകൾ യാതൊരുവിധ സുരക്ഷയും ധരിക്കുന്നയാൾക്ക് നൽകുന്നില്ലെന്നതാണ് വസ്തുത. പഴയ ഹെൽമെറ്റുകളുടെ തകർന്ന ചില്ലുകൾ ഉൾപ്പെടെ സർവീസ് ചെയ്ത് നൽകുന്നവരും നഗരത്തിൽ സജീവമാണ്.
# റെയിൻ കോട്ട് വിപണി ഉഷാർ
മഴയെത്തിയതോടെ റെയിൻ കോട്ട് വിപണിയും ഉഷാറായി. ചെറിയ കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്കും ഇണങ്ങുന്ന രീതിയിലുള്ള റെയിൻകോട്ടുകൾ വിൽപ്പനക്കായി എത്തിയിട്ടുണ്ട്. റിയൽ, അരിസ്‌റ്റോക്രാറ്റ്, ഡക്ക്ബാക്ക്, വൈൽഡ് ക്രാഫ്റ്റ് എന്നീ കമ്പനികളുടെ കോട്ടുകളാണ് വിപണിയിൽ കൂടുതലും. സാധാരണ കോട്ടുകൾക്ക് 500 രൂപ മുതൽ മുകളിലേക്കാണ് വില. എന്നാൽ കനം കുറഞ്ഞ നേരിയ 100 രൂപയുടെ പ്ലാസ്റ്റിക് കോട്ടിനാണ് ആവശ്യക്കാർ. പെട്ടെന്ന് കീറി പോകാൻ സാദ്ധ്യതയുണ്ടെങ്കിലും വില കുറവായതിനാൽ നിരവധി ആവശ്യക്കാരാണ് പ്ലാസ്റ്റിക് കോട്ടിനുള്ളത്. ബ്രാൻഡഡ് കോട്ടുകൾ 900 രൂപ മുതലാണ് വില.കുട്ടികളുടെ കോട്ടുകളുടെ വില 300 മുതൽ മുകളിലോട്ടും.