ആദ്യ വനിത ഹജ്ജ് വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെട്ടു

Friday 09 June 2023 1:25 AM IST

 പൈലറ്റും ജീവനക്കാരുമടക്കം വനിതകൾ

മലപ്പുറം: 145 വനിതാ ഹജ്ജ് തീർത്ഥാടകരുമായി (ലേഡീസ് വിത്തൗട്ട് മെഹ്രം കാറ്റഗറി) ആദ്യ വിമാനം ഇന്നലെ വൈകിട്ട് 6.35ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ടു. വിമാനത്തിലെ പൈലറ്റും ജീവനക്കാരുമെല്ലാം വനിതകളാണ്. ഫ്ളൈറ്റ് ഓപ്പറേഷൻ, ലോഡിംഗ്, ക്ലീനിംഗ്, എൻജിനിയറിംഗ്, ഗ്രൗണ്ട് സർവീസ് തുടങ്ങി വിമാനം പുറപ്പെടുന്നതിന് മുമ്പ് അനുബന്ധ പ്രവർത്തനങ്ങൾ നിർവഹിച്ചതും വനിതകളാണ്.

ആദ്യ വിമാനത്തിന്റെ ഫ്ളാഗ് ഓഫ് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോൺ ബർള നിർവഹിച്ചു. തീർത്ഥാടകർക്കുള്ള ബോർഡിംഗ് പാസ് സംഘത്തിലെ ഏറ്റവും പ്രായം കൂടിയ തീർത്ഥാടക 76കാരിയായ കോഴിക്കോട് കാർത്തികപ്പള്ളി സ്വദേശി സുലൈഖയ്ക്ക് നൽകി മന്ത്രി നിർവഹിച്ചു.

കേരളത്തിൽ നിന്ന് 2,​733 പേരാണ് ഇക്കൊല്ലം സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ലേഡീസ് വിത്തൗട്ട് മെഹ്രം (ആൺതുണയില്ലാതെ പോവുന്നവർ)​ കാറ്റഗറിയിലൂടെ ഹജ്ജിന് പോകുന്നത്. 1,718 പേർ കരിപ്പൂരും 563 പേർ കൊച്ചിയും 452പേർ കണ്ണൂരും വഴിയാണ് പുറപ്പെടുക.

തിങ്കളാഴ്ച വരെ 10 വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഇന്നും നാളെയും മൂന്നു വീതവും ഞായർ, തിങ്കൾ ദിവസങ്ങളിൽ രണ്ടു വീതവും വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചിയിൽ നിന്ന് നാളെ ഒരു വിമാനം പുറപ്പെടും. 11 മുതൽ 14 വരെ കണ്ണൂരിൽ നിന്ന് ഓരോ വിമാനങ്ങളും.