ഹണിമൂണും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിന് പകരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തണം; കെ ഫോൺ പദ്ധതിയിൽ വെളിപ്പെടുത്തലുമായി സ്വപ്‌‌ന സുരേഷ്

Friday 09 June 2023 11:09 AM IST

സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിനെതിരെ വെളിപ്പെടുത്തലുമായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌‌ന സുരേഷ്. കെ-ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നാണ് സ്വപ്‌നയുടെ ആവശ്യം. മുഖ്യമന്ത്രി ഇപ്പോഴെങ്കിലും വാതുറന്ന് ഇക്കാര്യം വെളിപ്പെടുത്തണമെന്ന് സ്വപ്‌ന കുറിക്കുന്നു.

തന്റെ മുൻ ഭർത്താവ് കെ ഫോണിൽ ലോജിസ്‌റ്റിക്‌സ് മാനേജരായി ജോലി ചെയ്‌തിരുന്നതായി പറയുന്ന സ്വപ്‌ന മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന്റെ ബന്ധു വിനോദും പിഡബ്ളിയുസിയിൽ തന്നെപ്പോലെ ജോലി ചെയ്‌തെന്നും സ്വപ്ന വെളിപ്പെടുത്തുന്നു. മധുവിധുവും പ്രീപെയ്‌ഡ് ഡിന്നർ നൈറ്റും എല്ലാം ആസ്വദിക്കുന്നതിന് പകരം മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കാൻ വായ തുറക്കണമെന്നാണ് സ്വപ്‌ന കുറിച്ചത്.

സ്വപ്‌ന സുരേഷിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:

കെ ഫോൺ ആരായിരുന്നു ചെയർമാൻ? മില്യൻ ഡോളർ ചോദ്യമാണിത്. എന്റെ മുൻ ഭർത്താവ് ജയശങ്കർ ലോജിസ്റ്റിക്സ് മാനേജരായി ഇതിൽ ജോലി ചെയ്തിരുന്നു. എന്നെപ്പോലെ തന്നെ വിനോദ് എന്നയാളും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തു. ആരാണ് വിനോദ്? കോൺഗ്രസ് നേതാവ് വി.എസ്.ശിവകുമാറിന്റെ ബന്ധുവാണ് അദ്ദേഹം. ബഹുമാനപ്പെട്ട മുഖ്യമന്ത്രി 'പിവി' നിയമിച്ച, പിഡബ്ല്യുസിയിലെ ജോലിക്കാരാണു ഞങ്ങൾ. ഈ വിഷയം ഞാൻ നേരത്തേയും ഉന്നയിച്ചിട്ടുണ്ട്. മധുവിധുവും പ്രീപെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദയവായി വായ തുറക്കണം.