എ ഐ ക്യാമറയെ കാർ ഇടിച്ചുതകർത്തു, 'പണി കൊടുത്തതാണോ' എന്നും സംശയം; അന്വേഷണവുമായി പൊലീസ്

Friday 09 June 2023 11:35 AM IST

പാലക്കാട്: ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാനായി സ്ഥാപിച്ച എ ഐ ക്യാമറ കാർ ഇടിച്ചുതകർത്തു. വടക്കാഞ്ചേരിയിൽ ആയക്കാട്ട് സ്ഥാപിച്ചിരുന്ന ക്യാമറയാണ് ഇന്നലെ രാത്രി പതിനൊന്നുമണിയോടെ ഉണ്ടായ അപകടത്തിൽ തകർന്നത്. ഇടിയുടെ ആഘാതത്തിൽ ക്യാമറ സ്ഥാപിച്ച സ്റ്റാൻഡ് അടക്കം തകർന്നിട്ടുണ്ട്. അപകടശേഷം നിറുത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ ഇതുവരെ കണ്ടെത്താനായിട്ടില്ല. അപകടമാണോ,മനഃപൂർവമാണോ എന്നകാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.

വാഹനം ഇടിച്ച് റോഡ് ക്യാമറ നശിക്കുന്ന സാഹചര്യം വന്നാൽ, വാഹന ഉടമയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ കഴിയുന്ന കേസുകളിൽ അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാണ് അധികൃതരുടെ തീരമാനം. നിയമ നടപടികളിലേക്ക് പോകുന്ന കേസുകളിൽ ക്യാമറ ശരിയാക്കാനുള്ള തുക മോട്ടർ വാഹന വകുപ്പ് നൽകും. ചെലവായ തുക കേസ് പൂർത്തിയാകുമ്പോൾ മോട്ടർ വാഹന വകുപ്പിന് നഷ്ടപരിഹാരമായി ലഭിക്കും. പുതുതായി സ്ഥാപിച്ച 10 ക്യാമറകൾ വാഹനം ഇടിച്ചു നശിച്ചു.

അതേസമയം, എ ഐ ക്യാമറയുമായി ബന്ധപ്പെട്ട അവലോകന യോഗം ഇന്ന് നടക്കും. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഗതാഗത കമ്മിഷണറും പങ്കെടുക്കും.