വിദ്യയ്‌ക്കുവേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചു; കാലടി സർവകലാശാലയിലേക്ക് കെ എസ് യു പ്രവ‌ർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം, ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമം

Friday 09 June 2023 1:13 PM IST

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലേക്ക് കെ എസ് യു പ്രവ‌ർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. വിദ്യ വിജയനുവേണ്ടി സംവരണ മാനദണ്ഡങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് പ്രതിഷേധ മാർച്ച്. പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.


എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ എസ് യു പ്രവർത്തകർ സർവകലാശാലയിലേക്ക് എത്തുകയായിരുന്നു. ബാരിക്കേടുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടു.ഇതോടെയാണ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കവും, സംഘർഷവുമുണ്ടായത്.

പ്രതിഷേധക്കാർ റോ‌ഡ് ഉപരോധിച്ചു. പി എച്ച് ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കാലടി സർവകലാശാലയുടെ വിജ്ഞാപനത്തിൽ പത്തു സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് മറികടന്നാണ് വിദ്യയടക്കം 15 പേർക്ക് പ്രവേശനം നൽകിയത്.


അതേസമയം, വിദ്യയുടെ വ്യാജരേഖ കേസിൽ അഗളി പൊലീസ് അന്വേഷണം തുടങ്ങി. അട്ടപ്പാടി കോളേജ് പ്രിൻസിപ്പലിന്റെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അഗളി പൊലീസ് കോളേജിലെത്തി വിവരങ്ങൾ ശേഖരിച്ചു.