ഇത് തങ്കവേലിന്റെ നന്മ, വഴിയോര ഫ്രിഡ്ജിൽ വെള്ളം, പഴം ഫ്രീ

Saturday 10 June 2023 4:09 AM IST

വഴിയോരഫ്രിഡ്ജിൽ പഴങ്ങൾ വെയ്ക്കുന്ന തങ്കവേൽ

തൃശൂർ: തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം അമ്പാടി ലെയ്‌നിൽ റോഡരികിലൊരു ഫ്രിഡ്ജുണ്ട്. തണുത്ത വെള്ളം വേണോ, ഫ്രൂട്ട്സ് വേണോ... വഴിയാത്രക്കാർക്ക് എടുത്ത് ഉപയോഗിക്കാം. തികച്ചും ഫ്രീയായി.

ഇവിടെ വാഹന സ്പെയർപാർട്ട്സ് കടയുള്ള തങ്കവേലാണ് ഡബിൾ ഡോർ ഫ്രിഡ്ജ് സ്ഥാപിച്ചത്. വൈദ്യുതിയും ഈ കടയിൽ നിന്ന് തന്നെ. ഇവിടത്തെ ജീവനക്കാരി പുനിത ദിവസവും വെള്ളവും പഴങ്ങളും തയാറാക്കി വയ്ക്കും.

തങ്കവേലിന്റെ സദ്കർമ്മത്തിന് പിന്നിലൊരു നോവുന്ന അനുഭവമുണ്ട്. 2020 കൊവിഡ് കാലം. കാൻസർ രോഗിയായ അച്ഛനും അമ്മയുമൊത്ത് ആശുപത്രിയിൽ പോകുകയായിരുന്നു. ലോക്ക്‌ഡൗണിൽ കടകളെല്ലാം അടച്ചിരിക്കയാണ്. മാതാപിതാക്കൾക്ക് ഒരു തുള്ളി കുടിവെള്ളത്തിനായി നട്ടംതിരിഞ്ഞു തങ്കവേൽ. ആ വേദനയിൽ നിന്നാണ് വഴിയോര ഫ്രിഡ്ജിന്റെ പിറവി. കഴിഞ്ഞ മാർച്ചിൽ കൊടും വേനലിലാണ് തുടക്കം. ആദ്യം വെള്ളം വച്ചു. ദാഹിച്ചു വരുന്നവർ കുടിച്ച് നന്ദി പറഞ്ഞതോടെ പഴങ്ങളും നുറുക്കി ഫ്രിഡ്ജിൽ വച്ചു. ഇടയ്ക്കിടെ സോഫ്റ്റ് ഡ്രിങ്കുകളും വയ്ക്കും. 'അഞ്ച് ക്യാൻ വെള്ളം ദിവസവും വാങ്ങും. ഒന്നിന് അറുപത് രൂപ. പിന്നെ തണ്ണിമത്തനും പേരയ്ക്കയും. ദിവസവും 500 രൂപ ചെലവാകും'. ഏറെ നിർബന്ധിച്ചപ്പോൾ തങ്കവേൽ ചെലവ് വെളിപ്പെടുത്തി. അച്ഛൻ അടുത്തിടെ മരിച്ചു. ശരീരം തളർന്ന് അമ്മ കിടപ്പിലാണ്.

കൂടുതലിടത്ത് ഫ്രിഡ്ജ്

വയ്ക്കണം തങ്കവേലിന്

തൃശൂർ പൂരത്തിന് ഈ ഫ്രിഡ്ജിന് മുന്നിൽ വൻ തിരക്കായിരുന്നു. അന്ന് വെള്ളമുൾപ്പെടെ തികയാതായപ്പോൾ ചില സുഹൃത്തുക്കൾ വാങ്ങാൻ സഹായിച്ചു. വെള്ളവും പഴങ്ങളും നിറച്ച ഫ്രിഡ്ജ് നഗരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ നൽകണമെന്നാണ് തങ്കവേലിന്റെ മോഹം. പക്ഷേ, ഒറ്റയ്ക്ക് കഴിയില്ല. നഗരത്തിനടുത്ത് കൂർക്കഞ്ചേരിയിലാണ് താമസം. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് പുലിമുട്ട് നിർമ്മാണത്തിനെത്തിയ അച്ഛനൊപ്പം 35 വർഷം മുൻപാണ് തങ്കവേൽ തൃശൂരിലെത്തിയത്. ഭാര്യ: ഷീജ. മക്കൾ: തമിഴ്, മലയാളം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ജയ്ബാല, ഡിജിറ്റൽ മാർക്കറ്റിംഗ് വിദ്യാർത്ഥിനി ധനലക്ഷ്മി, ആറാംക്ലാസ് വിദ്യാർത്ഥി വസുദേവ്.

'കടയിൽ നിന്നുള്ള ലാഭത്തിന്റെ ഒരു വിഹിതമാണ് വെള്ളവും പഴവും നൽകാൻ മാറ്റുന്നത്. കഴിയുന്ന കാലത്തോളം തുടരും '

തങ്കവേൽ

Advertisement
Advertisement