എസ്.ബി.ഐ കടപ്പത്രങ്ങൾ വഴി 50,000 കോടി സമാഹരിക്കും

Saturday 10 June 2023 2:53 AM IST

മുംബയ്: നടപ്പുസാമ്പത്തിക വർഷം കടപ്പത്രങ്ങൾ വഴി 50,000 കോടി രൂപ സമാഹരിക്കാൻ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ഒരുങ്ങുന്നു. ഇതിന് എസ്.ബി.ഐ ബോർഡ് അംഗീകാരം നൽകി. ദീർഘകാല ബോണ്ടുകൾ,​ ബേസൽ-III കംപ്ലയിന്റ് അഡീഷണൽ ടയർ-1 ബോണ്ടുകൾ,​ ബേസൽ-III കംപ്ലയിന്റ് ടയർ-2 ബോണ്ടുകൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുമെന്ന് ‌എസ്.ബി.ഐ നടത്തിയ റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കുന്നു. സ്വകാര്യ പ്ലേസ്മെന്റ് രീതിയിൽ ഇന്ത്യയിലെയോ വിദേശത്തെയോ നിക്ഷേപകരിൽ സമാഹരണം നടത്തുമെന്നും ഇത് അന്തിമമായി കേന്ദ്രസർക്കാരിൻറെ അനുമതിക്ക് വിധേയമായിട്ടായിരിക്കുമെന്നും എസ്.ബി.ഐ വ്യക്തമാക്കുന്നു. വിദേശ ബിസിനസ് വളർച്ചയ്ക്ക് ഫണ്ട് നൽകുന്നതിനായി എസ്.ബി.ഐ കഴിഞ്ഞമാസം 750 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.

ഏപ്രിലിൽ രണ്ട് ബില്യൺ ‌ഡോളറിന്റെ ദീർഘകാല ഫണ്ട് സമാഹരണത്തിന് എസ്.ബി.ഐ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നൽകിയിരുന്നു. 2023-24ൽ യു.എസ് ഡോളറിലോ മറ്റേതെങ്കിലും കൺവേർട്ടിബിൾ കറൻസിയിലോ ഒറ്റത്തവണയായോ ഒന്നിലധികം ഘട്ടങ്ങളായോ ഈ സമാഹരണം നടത്തുമെന്നാണ് എസ്ബിഐ റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കിയിരുന്നത്. അതിനു മുമ്പ് മാർച്ചിൽ 3,717 കോടി രൂപ സമാഹരിച്ചിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതായ എസ്.ബി.ഐയുടെ അറ്റാദായം കഴിഞ്ഞ സാമ്പത്തിക വർഷം 59% വർധിച്ച് 50,232 കോടി രൂപയായിരുന്നു. ഈ വർഷത്തെ അറ്റ ​​പലിശ വരുമാനം 20% വർധിച്ച് 1.45 ലക്ഷം കോടി രൂപയാണ്. മാർച്ച് അവസാനത്തോടെ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 14.68% ആയിരുന്നു, ഒരു വർഷം മുമ്പ് ഇത് 13.83% ആയിരുന്നു.

2023 സാമ്പത്തിക വർഷത്തിലെ മികച്ച ലാഭം ഉണ്ടായതിനാൽ, ഭാവിയിലെ വളർച്ചാ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് ഗുണകരമായതായി എസ്.ബി.ഐ ചെയർമാൻ ദിനേഷ് ഖര വാർഷിക റിപ്പോർട്ടിൽ പറഞ്ഞു. മികച്ച ആസൂത്രണം, ലാഭം തിരിച്ചുപിടിക്കൽ, റിസ്ക് മാനേജ്മെന്റ് എന്നിവയുടെ പിൻബലത്തിൽ 2023 സാമ്പത്തിക വർഷത്തിൽ എസ്ബിഐയുടെ മൂലധന അനുപാതം മെച്ചപ്പെട്ടതായും വാർഷിക റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Advertisement
Advertisement