പറവൂർ മണ്ഡലത്തി​ലെ വീട് പുനർനി​ർമ്മാണപദ്ധതി​യി​ൽ അന്വേഷണം , സതീശനെ പൂട്ടാൻ വിജിലൻസ് കെണി

Saturday 10 June 2023 4:58 AM IST

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി. ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ 2018ലെ മഹാപ്രളയത്തിൽ തകർന്ന 217വീടുകൾ പുനർനിർമ്മിച്ച 'പുനർജനി ' പദ്ധതിയിൽ സാമ്പത്തിക ക്രമക്കേടുണ്ടെന്ന പരാതിയിൽ പ്രാഥമികാന്വേഷണത്തിന് വിജിലൻസിന് സർക്കാർ അനുമതി. കൊച്ചി യൂണിറ്റാവും അന്വേഷിക്കുക.

തന്റെ ആഭിമുഖ്യത്തിലുള്ള പദ്ധതിക്കായി വി. ഡി സതീശൻ കേന്ദ്രാനുമതി ഇല്ലാതെ വിദേശത്ത് പണം പിരിച്ചു, അനുമതി ഇല്ലാതെ വിദേശയാത്ര നടത്തി, വിദേശ പണം ചെലവിട്ടതിൽ ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണ് പരാതിയിലുള്ളത്.

ചാലക്കുടി കാതികുടം ആക്‌ഷൻ കൗൺസിൽ പ്രസിഡന്റ് ജയ്സൺ പാനികുളങ്ങരയുടെ പരാതിയിൽ അന്വേഷണാനുമതി തേടി വിജിലൻസ് മൂന്ന് വർഷം മുമ്പ് സമർപ്പിച്ച ഫയലിൽ അമേരിക്കൻ യാത്രയ്‌ക്ക് തൊട്ടുമുൻപ് മുഖ്യമന്ത്രി ഒപ്പിടുകയായിരുന്നു.

നേരത്തേ ആഭ്യന്തരവകുപ്പും സ്പീക്കറും ഈ ഫയൽ തെളിവില്ലെന്ന് കാട്ടി വിജിലൻസിലേക്ക് തിരിച്ചയച്ചിരുന്നു. സി. ബി. ഐ അന്വേഷിക്കണമെന്ന

പരാതിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും തള്ളിയതുമാണ്.

എം.എൽ.എക്കെതിരേ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി വേണ്ടെന്ന ഒരു കേസിലെ സുപ്രീംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വിജിലൻസ് വീണ്ടും സർക്കാരിനെ സമീപിക്കുകയായിരുന്നു. ഇതിൽ നിയമവകുപ്പിന്റെ ഉപദേശം തേടിയാണ് അനുമതി നൽകിയത്.

ലണ്ടനിലെ ബർമ്മിംഗ്ഹാമിൽ സതീശൻ ധനസഹായം അഭ്യർത്ഥിക്കുന്നതെന്ന പേരിൽ ഒരു സി.ഡി ഭരണപക്ഷം നിയമസഭയിൽ വച്ചിരുന്നു.

അഴിമതി വകുപ്പ് നിലനിൽക്കുമോ

പുനർജനി അന്വേഷണത്തിൽ അഴിമതി നിരോധന നിയമം നിലനിൽക്കില്ലെന്ന് സംശയം. സർക്കാർ പണം നഷ്ടപ്പെട്ടിട്ടില്ലെന്നതാണ് കാരണം. സ്വകാര്യ വ്യക്തികളുടെ പണമാണ് പദ്ധതിയിൽ. അവർക്ക് പരാതിയില്ല. വിദേശ ധനസഹായം സ്വീകരിക്കലും അനുമതിയില്ലാത്ത വിദേശയാത്രയും വിജിലൻസിന് അന്വേഷിക്കാനും ആവില്ല.

2021ജനു. 12ന് മുഖ്യമന്ത്രി

നിയമസഭയിൽ പറഞ്ഞത്

അനുമതിയില്ലാത്ത വിദേശസംഭാവന ഒരു കോടി രൂപയിൽ താഴെയാണെങ്കിൽ ക്രൈംബ്രാഞ്ചും,​ മുകളിലാണെങ്കിൽ സി.ബി.ഐയുമാണ് അന്വേഷിക്കേണ്ടത്. അഴിമതി നിരോധന നിയമ​ പ്രകാരം സതീശനെതിരെ പ്രാഥമിക അന്വേഷണത്തിന് സ്പീക്കറുടെ അനുമതി തേടിയെങ്കിലും രേഖകളില്ലെന്ന് കാട്ടി സ്പീക്കർ ഫയൽ തിരിച്ചയച്ചു

നാല് വട്ടം തള്ളിയ കേസ് - സതീശൻ

സർക്കാരും സ്പീക്കറും ഹൈക്കോടതിയും സി.ബി.ഐയും തള്ളിയ കേസാണിത്. പറവൂരിൽ വീടു നിർമ്മാണത്തിന് സ്വദേശത്തും വിദേശത്തുമുള്ള മലയാളികൾ സഹായിച്ചു. വിദേശമലയാളി നൽകിയ 25വീടുകളുടെ താക്കോൽ നൽകിയത് മുഖ്യമന്ത്രിയാണ്. അക്കൗണ്ട് പോലുമില്ലാത്ത പുനർജനി ഫെസിലിറ്റേറ്ററായി നിന്നാണ് വീടുകൾ നിർമ്മിച്ചത്.

അന്വേഷണം രാഷ്ട്രീയ പ്രേരിതം. എ.ഐ ക്യാമറ,​ കെ-ഫോൺ വിവാദങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ വിജിലൻസിനെ ദുരുപയോഗിക്കുകയാണ്.

---കോൺഗ്രസ്

Advertisement
Advertisement