വിവാദ കരാർ വൈദ്യുതി , രണ്ടര മാസം കൂടി വാങ്ങാം
തിരുവനന്തപുരം:അംഗീകാരമില്ലാത്ത നാല് കരാറുകാരിൽ നിന്ന് രണ്ടര മാസത്തേക്ക് കൂടി വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ കെ.എസ്.ഇ.ബി.ക്ക് അനുമതി നൽകി. തുടർന്ന് വൈദ്യുതി ലഭ്യമാക്കാൻ ഇൗ കാലയളവിനുള്ളിൽ പുതിയ ഇടക്കാല കരാറുകളുണ്ടാക്കണം. രണ്ടരമാസമോ, കേന്ദ്ര വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണലിന്റെ തീരുമാനം വരെയോ ആണ് വൈദ്യുതി വാങ്ങാനുള്ള അനുമതി.
രണ്ട് കരാറുകളിലായി ജാബുവ പവറിൽ നിന്ന് 265മെഗാവാട്ടും ജിൻഡാൽ പവർ, ജിൻഡാൽ തെർമ്മൽ എന്നിവയിൽ നിന്ന് 200മെഗാവാട്ടും ഉൾപ്പെടെ 465 മെഗാവാട്ടിനുള്ള കരാറുകൾ മേയ് 10നാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ അന്തിമമായി റദ്ദാക്കിയത്.
കമ്മിഷൻ ഉത്തരവുപ്രകാരം രണ്ടാഴ്ചയ്‌ക്കുള്ളിൽ കരാറുകൾ അവസാനിപ്പിച്ചതോടെ ദിവസം 400 - 600 മെഗാവാട്ട് വൈദ്യുതിയുടെ കമ്മി ഉണ്ടെന്ന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനെ അറിയിച്ചു. റിയൽ ടൈം വിലയ്‌ക്ക് പുറമേ നിന്ന് വാങ്ങിയാണ് ഇൗ കമ്മി പരിഹരിച്ചത്. ഇത് കെ.എസ്.ഇ.ബി.ക്കും ജനങ്ങൾക്കും വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള അപേക്ഷയിലാണ് രണ്ടരമാസത്തേക്ക് കരാർ തുടരാനുള്ള അനുമതി.
കരാർ റദ്ദാക്കിയതിനെതിരെ കെ.എസ്.ഇ.ബി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയില്ല.തുടർന്ന് വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നിർദ്ദേശ പ്രകാരമാണ് കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷന് അപേക്ഷ നൽകിയത്.
2013ൽ ഒപ്പുവച്ച വിവാദ കരാറുകളുടെ നടപടികളിലും വ്യവസ്ഥകളിലും ക്രമക്കേട് കണ്ടതിനാൽ സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ അംഗീകാരം നൽകിയില്ല. ഇതിനെതിരെ കരാറുകാർ സുപ്രീംകോടതിയേയും കേന്ദ്ര റെഗുലേറ്ററി കമ്മിഷനേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. കരാറുകൾ വൻസാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്നതായി സർക്കാരിന്റെ ഉന്നതതല സമിതിയും റിപ്പോർട്ട് നൽകിയിരുന്നു.എന്നിട്ടും പത്തുവർഷത്തോളം അനധികൃതമായി കെ.എസ്.ഇ.ബി ഈ കരാറുകൾ തുടരുകയായിരുന്നു.