അടുത്ത ഓണം ഇങ്ങെത്തിയിട്ടും ടൂറിസം വകുപ്പ് പണം നൽകിയില്ല; ചെലവായത് ലക്ഷങ്ങൾ, പണി കിട്ടി പുലികൾ

Saturday 10 June 2023 12:34 PM IST

തൃശൂർ: കഴിഞ്ഞ ഓണത്തിന് നഗരത്തിൽ അരങ്ങേറിയ പുലിക്കളി മഹോത്സവത്തിൽ പങ്കെടുത്ത സംഘങ്ങൾക്ക് ടൂറിസം വകുപ്പിന്റെ ധനസഹായം ലഭിച്ചില്ല. ടീമുകൾക്ക് മൂന്ന് ലക്ഷം വീതം നൽകുമെന്നായിരുന്നു പ്രഖ്യാപനം.

തൃശൂർ കോർപറേഷന്റെ മൂന്ന് ലക്ഷം മാത്രമാണ് ശക്തൻ, അയ്യന്തോൾ, വിയ്യൂർ, കാനാട്ടുകര, പൂങ്കുന്നം സംഘങ്ങൾക്ക് ലഭിച്ചത്. അതിന്റെ രണ്ടിരട്ടിയിലധികം ഓരോ ടീമിനും ചെലവായിട്ടുണ്ടെന്ന് സംഘങ്ങൾ പറയുന്നു. സഹായം ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വഴി ടൂറിസം മന്ത്രിക്ക് നിവേദനം നൽകിയതായി ശക്തൻ പുലിക്കളി സംഘം സെക്രട്ടറി അഡ്വ. ബേബി പി. ആന്റണി പറഞ്ഞു.

ഒരു സംഘത്തിൽ അമ്പതിലധികം പേരുണ്ടാകും. ടാബേ്‌ളോ, പുലിലോറി, മേളം എന്നിവയ്‌ക്കെല്ലാം പ്രത്യേകം പണം കൊടുക്കണം. ടാബ്‌ളോയ്ക്ക് മാത്രം രണ്ട് ലക്ഷമാകും. മുപ്പതിലധികം മേളക്കാരുമുണ്ടാകും. മികച്ച കൊട്ടുകാർക്കും നല്ല വയറും തടിയുമുള്ള പുലിവേഷക്കാർക്കും കൂടുതൽ പണം നൽകണം. പുലിവേഷത്തിന് ചുരുങ്ങിയത് രണ്ടായിരമാകും. വരയ്ക്കുന്നവർക്ക് ആയിരം വേറെ.

നഷ്ടത്തിലും കളി ആവേശം

ആവേശത്തോടെയാണ് ടീമുകൾ മത്സരമുള്ളതിനാൽ പങ്കെടുക്കുക. ഓരോ വർഷവും ചെലവ് കൂടുന്നതിനാൽ നഷ്ടമാണ്, എങ്കിലും താത്പര്യം കൊണ്ടാണ് പുലിക്കളിക്ക് ഇറങ്ങുന്നതെന്നാണ് സംഘങ്ങൾ പറയുന്നത്. ഒരു ടീമിന് 10 ലക്ഷം വീതം ചെലവായിട്ടുണ്ട്. ടൂറിസം ധനസഹായം കിട്ടിയില്ലെങ്കിൽ വരുന്ന ഓണത്തിന് കൂടുതൽ ആർഭാടം ഉണ്ടാകില്ല. പുലി ലോറിയിൽ സ്ഥാപനങ്ങളുടെ പരസ്യം വച്ചാൽ ചെറിയ തുക ലഭിക്കും. കൊവിഡിന് ശേഷമുള്ള സാമ്പത്തിക പ്രശ്‌നമുള്ളതിനാൽ കഴിഞ്ഞ വർഷം അതുമുണ്ടായില്ലെന്നും പുലിക്കളി സംഘങ്ങൾ പറയുന്നു.

സഹായം കിട്ടാതെ 9 മാസം
കിട്ടാനുള്ളത് 3 ലക്ഷം വീതം
കഴിഞ്ഞ വർഷം സംഘങ്ങൾ 5
കിട്ടാനുള്ളത് ആകെ 15 ലക്ഷം


താത്പര്യം കൊണ്ട് പുലിക്കളി നടത്തുന്നവരുടെ സ്ഥിതി അധികൃതർ മനസിലാക്കണം. ടൂറിസം ധനസഹായം ഉടൻ നൽകണം.

- സജീവ്കുമാർ ടി.ആർ, വൈസ് പ്രസിഡന്റ്, ശക്തൻ പുലിക്കളി

Advertisement
Advertisement