അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിന്; ക്ഷേത്രത്തിൽ അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തി ഭക്ത
പാലക്കാട്: അരിക്കൊമ്പന്റെ ആയൂരാരോഗ്യസൗഖ്യത്തിന് വേണ്ടി അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തി ഭക്ത. ആനപ്രേമി സംഘത്തിലുള്ള വടക്കഞ്ചേരി സ്വദേശിനിയാണ് അരിക്കൊമ്പന് വേണ്ടി ഹോമം നടത്തിയത്. വടക്കഞ്ചേരി മഹാഗണപതി ക്ഷേത്രത്തിലാണ് ഹോമം നടന്നത്. ഇതാദ്യമായാണ് ഈ ക്ഷേത്രത്തിൽ അഷ്ട ദ്രവ്യ ഗണപതിഹോമം ഒരു ആനയ്ക്ക് നടത്തുന്നതെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വടക്കഞ്ചേരി സ്വദേശിയായ ഭക്ത നിലവിൽ കർണാടകയിലാണ് താമസിക്കുന്നത്.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് ഹോമം നടന്നത്. അരിക്കൊമ്പന്റെ ആരോഗ്യത്തിനും ആയുസിനും വേണ്ടിയായിരുന്നു വഴിപാട് നടത്തിയത്. എന്നാൽ ഹോമം നടത്തിയ ഭക്തയുടെ പേരും വിവരങ്ങളും വെളിപ്പെടുത്താൻ ക്ഷേത്ര അധികൃതർ തയ്യാറായില്ല. ഇന്നലെ പന്തളം പുത്തൻകാവ് ക്ഷേത്രത്തിലും അരിക്കൊമ്പന് വേണ്ടി ശത്രുസംഹാര പുഷ്പാഞ്ജലി നടത്തിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
അതേസമയം, പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് പിടികൂടി തിരുനെൽവേലിയിലെ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയ അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിലേയ്ക്ക് കടന്നതായി റേഡിയോ കോളർ സന്ദേശം ലഭിച്ചു. തമിഴ്‌നാട് വനംവകുപ്പാണ് ഇക്കാര്യം അറിയിച്ചത്.
തമിഴ്‌നാട്- കേരള അതിർത്തിയോട് ചേർന്നുള്ള കോതയാർ ഡാമിനടുത്താണ് അരിക്കൊമ്പൻ നേരത്തെയുണ്ടായിരുന്നത്. മെല്ലെയാണ് അരിക്കൊമ്പൻ സഞ്ചരിക്കുന്നതെന്നും വനംവകുപ്പ് അറിയിച്ചു. അരിക്കൊമ്പന്റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ തമിഴ്‌നാട്ടിൽ നിന്ന് പെരിയാർ കടുവാ സങ്കേതത്തിലേയ്ക്കും അവിടെനിന്ന് തിരുവനന്തപുരത്തെ വനംവകുപ്പ് അധികൃതർക്കും യഥാസമയം കൈമാറുന്നുണ്ട്. നിരീക്ഷണം ശക്തമായി തുടരുമെന്ന് തമിഴ്‌നാട് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.