രണ്ട് വർഷമായി പരസ്‌പരം സ്നേഹത്തിൽ, ഒന്നിച്ചുജീവിക്കാൻ തുടങ്ങിയതോടെ അവളെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി പങ്കാളി സുമയ്യ ഷെറിൻ

Saturday 10 June 2023 4:05 PM IST

മലപ്പുറം: ലെസ്ബിയൻ പങ്കാളി ഹഫീഫയെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ചിരിക്കുകയാണെന്ന ആരോപണവുമായി മലപ്പുറം കൊണ്ടോട്ടി സ്വദേശി സുമയ്യ ഷെറിൻ. യുവതി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്തിട്ടുണ്ട്.

'ഒരുമിച്ച് ജീവിക്കാൻ വേണ്ടി ജനുവരി ഇരുപത്തിയേഴിന് വീട്ടിൽ നിന്നിറങ്ങിയതാണ് ഞങ്ങൾ. മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയിൽ കേസൊക്കെ കഴിഞ്ഞതാണ്. ഒരുമിച്ച് ജീവിക്കാനുള്ള ഉത്തരവും കിട്ടിയതാ. ഒരുമിച്ച് ജീവിക്കുന്നതിനിടയ്ക്കാണ് അവർ വന്ന് തട്ടിക്കൊണ്ടുപോയത്. ഹേബിയസ് കോർപസ് കൊടുത്തപ്പോൾ ഹാജരാക്കിയിട്ടില്ല. അവളുടെ വീട്ടുകാർ ഏർപ്പാടാക്കിയ വക്കീൽ പത്ത് ദിവസത്തെ സാവകാശം ചോദിച്ചു. പത്തൊൻപതാം തീയതി ഹാജരാക്കാമെന്നാണ് അവർ പറഞ്ഞത്. കോടതി അത് അംഗീകരിക്കുകയും ചെയ്തു. എന്തോ ചെയ്യാനുള്ളതുകൊണ്ട് മാത്രമാണ് അവർ ഡേറ്റ് നീട്ടി ചോദിച്ചത്.

ഒരുമിച്ച് ജീവിക്കാൻ തുടങ്ങി, നാല് മാസത്തിന് ശേഷം ലൊക്കേഷൻ കിട്ടിയപ്പോഴാണ് അവർ വന്ന് തട്ടിക്കൊണ്ടുപോയത്. എന്റെ കൂടെ അവൾ പോരുമെന്ന് ഉറപ്പുള്ളതുകൊണ്ട് മാത്രമാണ് അവർ അവളെ ഹാജരാക്കാത്തത്. രണ്ട് വർഷമായി ഞങ്ങൾക്ക് പരസ്പരം ഇഷ്ടമുണ്ടായിരുന്നു.'-സുമയ്യ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.