പ്രായപരിധി കഴിഞ്ഞു, 36 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരെ അയോഗ്യരാക്കി
തിരുവനന്തപുരം : കേരള സർവകലാശാലയിലെ 36 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരെ അയോഗ്യരാക്കി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ തിരഞ്ഞെടുപ്പിൽ നടന്ന തിരിമറിയെ തുടർന്ന് മറ്റ് കോളേജുകളിൽ നടത്തിയ പരിശോധനയിൽ 36 കൗൺസിലർമാർ നിശ്ചിത പ്രായപരിധി കഴിഞ്ഞതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് അവരെ അയോഗ്യരാക്കിയത്. ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
മുപ്പതോളം കോളേജുകൾ തിരഞ്ഞെടുപ്പ് വിവരങ്ങൾ യൂണിവേഴ്സിറ്റിയെ അറിയിച്ചിട്ടില്ല. ആ കോളേജുകളിൽ ചട്ടപ്രകാരം തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാനും നിർദ്ദേശിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തി എസ് എഫ് ഐ നേതാവിനെ തിരുകിക്കയറ്റിയ സംഭവത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് 1,55,938 രൂപ പിഴയൊടുക്കാൻ കേരള സർവകലാശാല ആവശ്യപ്പെട്ടു. ആൾമാറാട്ടം കണ്ടെത്തിയതിനുപിന്നാലെ സർവകലാശാല തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കേണ്ടി വന്ന സാഹചര്യത്തിലാണ് നടപടി. ഇതുമൂലമുണ്ടായ നഷ്ടം കോളേജിന്റെ ഭാഗത്തുനിന്ന് ഈടാക്കുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് പിഴ നൽകിയത്