ജീവനൊടുക്കാൻ ശ്രമിച്ചയാളെ രക്ഷിച്ച് ലോക്കോ പൈലറ്റ്

Sunday 11 June 2023 1:13 AM IST

എഴുകോൺ: ഭാര്യവീട്ടിൽ നിന്ന് പിണങ്ങിയിറങ്ങി റെയിൽവേ ട്രാക്കിൽ കിടന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ ലോക്കോ പൈലറ്റ് ട്രെയിൻ നിറുത്തി രക്ഷിച്ചു. അച്ചൻകോവിൽ ചെമ്പനരുവി സ്വദേശിക്കാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ ജീവൻ തിരികെ ലഭിച്ചത്.

എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു സംഭവം. പുനലൂരിലേക്കുള്ള മെമുവിന് മുന്നിലാണ് 39 കാരന്റെ ആത്മഹത്യാശ്രമം നടന്നത്.

സ്ഥിരം അപകട മേഖലയായതിനാൽ ലോക്കോ പൈലറ്റ് ശ്രീഷ്‌കുമാർ ജാഗ്രതയോടെ നടത്തിയ നിരീക്ഷണത്തിലാണ് ട്രാക്കിൽ കിടന്ന യുവാവിനെ കണ്ടെത്തിയത്. ഉടൻ ട്രെയിൻ നിറുത്തി റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചു. ലോക്കോ പൈലറ്റും യാത്രക്കാരും നടന്നുവരുന്നത് കണ്ട യുവാവ് ട്രാക്കിൽ നിന്ന് മാറിനിന്നെങ്കിലും മദ്യലഹരിയിലായതിനാൽ ഓടി മാറാൻ കഴിഞ്ഞില്ല.എഴുകോൺ പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. പുത്തൂരിലാണ് ഇയാളുടെ ഭാര്യാവീട്.