കടൽ തണുക്കാത്തതുകൊണ്ട് ഇത്തവണ വൻ പണികിട്ടിയത് കൊല്ലത്തുകാർക്ക്; കിട്ടുന്നത് ചാളയും നെത്തോലിയും മാത്രം

Monday 12 June 2023 11:17 AM IST

കൊല്ലം: മഴ ശക്തമായി പെയ്ത് കടൽ തണുക്കാത്തതിനാൽ ട്രോളിംഗ് നിരോധനം ആരംഭിച്ചിട്ടും പരമ്പരാഗത വള്ളക്കാർക്ക് നിരാശ. ചാളയും പൊള്ളൽ ചൂരയും നെത്തോലിയും മാത്രമാണ് വള്ളക്കാർക്ക് കിട്ടുന്നത്. അതും കാര്യമായ അളവിൽ കിട്ടുന്നുമില്ല.

പരമ്പരാഗത വള്ളങ്ങൾ തീരക്കടലിലാണ് മത്സ്യബന്ധനം നടത്തുന്നത്. മഴവെള്ളമെത്തി തീരക്കടൽ തണുത്താലേ ഉൾക്കടലിൽ നിന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ തീരക്കടലിൽ എത്തൂ. സാധാരണ ട്രോളിംഗ് നിരോധനം ആരംഭിക്കുമ്പോൾ തന്നെ മൺസൂണും ശക്തമാകുന്നതാണ്. എന്നാൽ ഇത്തവണ കാര്യമായി മഴവെള്ളം തീരക്കടലിൽ എത്തിയിട്ടില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കൊല്ലം തീരത്ത് നിന്ന് പോകുന്ന വള്ളങ്ങൾക്ക് ചാളയാണ് ലഭിക്കുന്നത്. എന്നാൽ കൊല്ലം തീരത്തിന്റെ ട്രേഡ് മാർക്കായ നെയ്ച്ചാള ലഭിച്ച് തുടങ്ങിയിട്ടില്ല. ചെറിയ അളവിൽ മാത്രം പൊള്ളൽ ചൂര ലഭിക്കുന്നുണ്ട്. നീണ്ടകരയിൽ നിന്നുള്ള വള്ളങ്ങൾക്ക് നെത്തോലി കിട്ടുന്നുണ്ട്.

കൊല്ലം തീരത്ത് നിന്ന് ചൂണ്ട വള്ളങ്ങൾ പോകുന്നുണ്ടെങ്കിലും ചൂര മാത്രമാണ് ലഭിക്കുന്നത്. കേരച്ചൂരയും നെയ്മീനും കാര്യമായി കിട്ടിയിട്ട് ആഴ്ചകളായെന്ന് ചൂണ്ട വള്ളക്കാർ പറയുന്നു.

ട്രോളിംഗ് നിരോധനം ആരംഭിച്ച 9ന് രാത്രി കൊല്ലം തീരത്തുള്ള വള്ളങ്ങളിൽ വലിയൊരു വിഭാഗം കടലിലേക്ക് പോയിരുന്നു. മത്സ്യലഭ്യത കുറവായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ വളരെക്കുറച്ച് വള്ളങ്ങളേ പോയുള്ളു. അതുകൊണ്ട് തന്നെ മറ്റ് ജില്ലകളിൽ നിന്നടക്കം മത്സ്യം വാങ്ങാൻ കൊല്ലത്തേക്ക് എത്തിയ വ്യാപാരികളും നിരാശരായി മടങ്ങി. ബോട്ടുകളിൽ മത്സ്യബന്ധനത്തിന് പോയിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ വള്ളങ്ങളിൽ പണിക്ക് പോകാൻ കൊല്ലം തീരത്തേക്ക് എത്തിയെങ്കിലും മത്സ്യലഭ്യത കുറവായതിനാൽ അവരും നിരാശയിലാണ്.

ഇനം, വില (കിലോയ്ക്ക്)

നെത്തോലി ,₹ 80-100

ചാള ₹ 165-180

പൊള്ളൽ ചൂര ₹140-170

ചൂര ₹ 140-150