ഗുസ്തി ഫെഡറേഷനിലേക്ക് ജൂലായ് 4ന് തിരഞ്ഞെടുപ്പ്

Tuesday 13 June 2023 3:10 AM IST

ന്യൂഡൽഹി: അദ്ധ്യക്ഷൻ ബ്രിജ്ഭൂഷൺ സിംഗ് പ്രതിസ്ഥാനത്ത് നിൽക്കുന്ന ലൈംഗികാരോപണങ്ങൾക്കിടെ ഗുസ്‌തി ഫെഡറേഷനിലേക്ക് ജൂലായ് 4ന് തിരഞ്ഞെടുപ്പ് നടത്താൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ) തീരുമാനിച്ചു.

തിരഞ്ഞെടുപ്പിനായി ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് മഹേഷ് മിത്തൽ കുമാറിനെ റിട്ടേണിംഗ് ഓഫീസറായി നിയമിച്ചിട്ടുണ്ട്.
ബ്രിജ്ഭൂഷൺ സിംഗിനെതിരെ പ്രതിഷേധിക്കുന്ന ഗുസ്തിതാരങ്ങളുമായുള്ള ചർച്ചയിൽ ജൂൺ 30നകം തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ ഉറപ്പു നൽകിയത്. എന്നാൽ തിരഞ്ഞെടുപ്പിനുള്ള ജനറൽ ബോഡി യോഗം വിളിക്കാൻ 21 ദിവസം മുൻപായി നോട്ടീസ് നൽകേണ്ടതുണ്ട്. തിരഞ്ഞെടുപ്പിനുള്ള അന്തിമ തീയതി പ്രഖ്യാപിക്കേണ്ടത് റിട്ടേണിംഗ് ഓഫീസറാണ്. മേയ് 7ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഗുസ്‌തിതാരങ്ങളുടെ സമരത്തെ തുടർന്ന് മാറ്റിവച്ചതാണ്.
ചണ്ഡീഗഢ്, ഡൽഹി തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 25 സംസ്ഥാന യൂണിറ്റുകളുടെ എക്‌സിക്യൂട്ടീവ് സമിതിയിൽ നിന്നുള്ള രണ്ട് വീതം പ്രതിനിധികളാണ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുക. അതിനാൽ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ 50 വോട്ടുകളുണ്ടാകും.

ബ്രിജ് ഭൂഷണിന്റെ കുടുംബാംഗങ്ങളെയോ കൂട്ടാളികളെയോ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ഗുസ്തിതാരങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ബ്രിജ്ഭൂഷണിന്റെ മകൻ കരൺ യുപി ഗുസ്തി അസോസിയേഷൻ ഭാരവാഹിയും മരുമകൻ വിശാൽ സിംഗ് ബീഹാർ ഗുസ്‌തി അസോസിയേഷൻ പ്രസിഡന്റുമാണ്. സംസ്ഥാന പ്രതിനിധികളായി മത്സരിക്കാൻ ഇരുവർക്കും അർഹതയുണ്ട്.

പ്രായപൂർത്തിയാകാത്ത കൂട്ടിയുൾപ്പെടെയുള്ല വനിതാ ഗുസ്തി താരങ്ങൾക്ക് നേരെ ലൈഗീകാതിക്രമം നടത്തിയ ബ്രിജ്ഭൂഷൺ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്നും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി താരങ്ങൾ ഡൽഹിയിലെ ജന്തർ മന്തറിൽ ഒത്തുകൂടിയത്. ഒളിമ്പ്യൻമാരായ സാക്ഷി മാലിക്ക്,​ ബജ്രംഗ് പൂനിയ,​ സാക്ഷി മാലിക് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ബ്രിജ്ഭൂഷണെതിരെ ഗുസ്തി താരങ്ങൾ ആരോപണമുന്നയിച്ചത്. ജനുവരി 21ന് കായിക മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചർച്ചയെത്തുടർന്ന് അന്വേഷിക്കാൻ മേൽനോട്ട സമിതി രൂപവത്കരിക്കുകയും അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജ്ഭൂഷൺ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറി നിൽക്കാനും ധാരണയായി. തുട‌ർന്ന് താരങ്ങൾ സമരം അവസാനിപ്പിച്ചു.

പൊലീസ് എഫ്.ഐ.ആർ ഇടാത്തതിനാലും മേൽനോട്ട സമിതിയുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാത്തതിനാലും ഏപ്രിൽ 23ന് ഗുസ്തിതാരങ്ങൾ ജന്തർ മന്തറിൽ വീണ്ടും സമരം തുടങ്ങുകയായിരുന്നു.

ലോക്സഭയിലേക്ക് മത്സരിക്കും: ബ്രിജ്ഭൂഷൺ

അതേസമയം 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് യു.പിയിലെ ഗോണ്ടയിൽ നടത്തിയ റാലിയിൽ ബ്രിജ്ഭൂഷൺ പ്രഖ്യാപിച്ചു. കൈസർഗഞ്ചിൽ നിന്നുള്ള എം.പിയാണ് ബ്രിജ്ഭൂഷൺ.

Advertisement
Advertisement