പശുക്കി​ടാവി​നും കു​പ്പി​പ്പാൽ

Wednesday 14 June 2023 12:46 AM IST

തൃശൂർ: അമ്മപ്പശുവിന്റെ പാലിന് പകരം കന്നുകുട്ടിക്ക് നൽകാൻ തുല്യപോഷകമുള്ള പാൽപ്പൊടി റെഡി. അമുൽ കമ്പനിയാണ് നിർമ്മാതാക്കാൾ. മിൽമ മലബാർ യൂണിയൻ പാൽപ്പൊടി ഒരാഴ്ചയ്ക്കുള്ളിൽ കർഷകർക്ക് സബ്സിഡി നിരക്കിൽ നൽകിത്തുടങ്ങും.

പ്രതിദിനം മൂന്ന് ലിറ്റർ വരെ അമ്മപ്പശുവിൻ പാൽ കുട്ടി കുടിക്കുന്നുണ്ട്. മൂന്ന് മാസമാണ് കൊടുക്കേണ്ടത്. ഇതിനിടെ ഒരു കിടാവ് ശരാശരി കുടിക്കുക 225-270 ലിറ്ററാണ്. ലിറ്ററിന് 45 രൂപ വച്ച് ഇതിന് കർഷകന് 10,125 -12,150 രൂപയാകും.

ഒരു ലിറ്റർ പാലിന് തുല്യം ലായനിയുണ്ടാക്കാനുള്ള 100 ഗ്രാം മിൽക്ക് റീപ്ളേസറിന് വില 14.80 രൂപ. 50 ശതമാനം സബ്‌സിഡി കഴിച്ച് കർഷകൻ നൽകേണ്ടത് 7.40 രൂപ മാത്രം. തുടക്കത്തിൽ അഞ്ച് കിലോയുടെ മൂന്ന് പായ്ക്ക് വീതം നൽകും. മിൽക്ക് റീപ്‌ളേസറിനൊപ്പം പച്ചപ്പുല്ലും നൽകിയാൽ കന്നുകുട്ടികൾ നന്നായി വളരും. ദഹനശേഷിയും കൂടും.

നൽകേണ്ട വിധം

 ഒരു ലിറ്റർ ഇളം ചൂടുവെള്ളത്തിൽ നിന്ന് ഒന്നര ഗ്ളാസെടുത്ത് 100 ഗ്രാം പൊടിയിട്ട് ഇളക്കി ലയിപ്പിക്കണം. ഇത് ബാക്കി വെള്ളത്തിൽ കലർത്തി നൽകാം

 പ്രസവിച്ച് രണ്ടാമത്തെ ആഴ്ച മുതലേ നൽകാവൂ. ആദ്യം അമ്മപ്പാലിന് പുറമേ കുറഞ്ഞ അളവിൽ മിൽക്ക് റീപ്ളേസറും നൽകിത്തുടങ്ങണം

 ഇത് കൂട്ടിക്കൂട്ടി ആറാമത്തെ ആഴ്ച 350 ഗ്രാമിലെത്തിക്കണം. തുടർന്ന് 50 ഗ്രാം വീതം കുറച്ച് പന്ത്രണ്ടാമത്തെ ആഴ്ചയിൽ 50 ഗ്രാമിൽ എത്തിക്കണം

ചേരുവ

 സോയ, ധാതു മിശ്രിതം, വൈറ്റമിൻ എ, ഡി 3, ഇ

 പ്രോട്ടീൻ- 20- 22%

 ഫാറ്റ്- 16- 18%

 ഫൈബർ- 1.0%

 മിനറൽ- 1.0%

ഗുണങ്ങൾ

1. വേണ്ടത്ര പോഷകം

2. ശരിയായ വളർച്ച

3. മികച്ച രോഗപ്രതിരോധം 4. മദിയും പ്രസവവും നേരത്തേ 5. കരുത്തുള്ള ആമാശയം

ക്ഷീരകർഷകർക്ക് ഇത് ലാഭകരമാണ്. കന്നുകുട്ടിക്ക് നല്ല ആരോഗ്യവും കിട്ടും

കെ.സി.ജെയിംസ് ജനറൽ മാനേജർ, മിൽമ, കോഴിക്കോട്.