കൈക്കൂലി: സബ് രജിസ്ട്രാറും അറ്റൻഡറും പിടിയിൽ

Wednesday 14 June 2023 12:30 AM IST

കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ കുണ്ടറ സബ് രജിസ്ട്രാർ റീന, ഓഫീസ് അറ്റൻഡർ സുരേഷ്‌കുമാർ എന്നിർ വിജിലൻസ് പിടിയിലായി. 4000 രൂപയും പിടിച്ചെടുത്തു. കുണ്ടറ സ്വദേശിയായ ആധാരം എഴുത്തുകാരൻ നൽകിയ പരാതിയിലാണ് വിജിലൻസ് കെണിയൊരുക്കിയത്. കഴിഞ്ഞയാഴ്ച മൂന്ന് പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യാനാണ് പരാതിക്കാരനെത്തിയത്. റീന പ്രമാണങ്ങൾ പരിശോധിച്ച് തെറ്റ് കണ്ടെത്തി. തുടർന്ന് ഇന്നലെ 4500 രൂപ കൈക്കൂലിയുമായി വരാൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ വിജിലൻസ് തെക്കൻ മേഖല സൂപ്രണ്ട് ജയശങ്കറിനെ വിവരം അറിയിച്ചു. ഇന്നലെ വൈകിട്ട് 5ന് ഇയാൾക്കൊപ്പം എത്തിയ വിജിലൻസ് സംഘം രാസവസ്തു പുരട്ടിയ നോട്ടു നൽകി ഓഫീസിനുള്ളിലേക്ക് അയച്ചു. അറ്റൻഡർ സുരേഷ്‌കുമാർ റെക്കാഡ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി കൈക്കൂലി വാങ്ങുകയായിരുന്നു. ഇതിനിടെ വിജിലൻസ് സംഘമെത്തി സുരേഷ്കുമാറിനെയും റീനയെയും അറസ്റ്റ് ചെയ്തു. ഇരുവരെയും തിരുവനന്തപുരം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.