കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് പ്രതി തന്നെ; വിടുതൽ തേടിയുള്ള ഹർജി കോടതി തള്ളി

Friday 16 June 2023 5:58 PM IST

ബംഗളൂരു: ലഹരി ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി പ്രതിയായി തുടരും. കേസിൽ നിന്നും ഒഴിവാക്കണമെന്ന് കാട്ടി ബിനീഷ് സമർപ്പിച്ച ഹർജി ബംഗളൂരു സിറ്റി സെഷൻസ് കോടതിയാണ് തള്ളിക്കളഞ്ഞത്. കേസിൽ ഏതാണ്ട് ഒരുവർഷത്തിനടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച ബിനീഷ് ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

2020 ഓഗസ്‌റ്റിൽ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്‌റ്റ് ചെയ്‌തിരുന്നു. അനൂപിനെ ചോദ്യം ചെയ്‌തപ്പോൾ ആദായ നികുതി നൽകാതെയുള്ള ഇടപാടുകളെക്കുറിച്ചും ബിനീഷിന്റെ ബന്ധങ്ങളെപ്പറ്റിയും സൂചനകൾ ഉയർന്നുവന്നു.തുടർന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. കേസിൽ ബിനീഷ് നാലാം പ്രതിയായി. അനൂപുമായി പരിചയമുണ്ടെന്നും ബംഗളൂരുവിൽ ഹോട്ടൽ നടത്തുന്നതിന് പണം വായ്‌പ നൽകിയെന്നല്ലാതെ മറ്റ് ബന്ധങ്ങളില്ലെന്നാണ് ബിനീഷ് മൊഴി നൽകിയത്. എന്നാൽ പണമിടപാടുകളുടെ സൂചനകൾ നോക്കി ബിനീഷ് അറസ്‌റ്റിലായിരുന്നു.

ബംഗളൂരു 34ാം അഡീഷണൽ സിറ്റി സിവിൽ ആന്റ് സെഷൻസ് കോടതിയാണ് ബിനീഷിന്റെ ഹർജി തള്ളിയത്. ഇതിന്റെ കാരണമായി പറയുന്നവ ഇവയാണ്. രേഖകളൊന്നുമില്ലാതെ ബിനീഷ് മുഹമ്മദ് അനൂപിന് 40 ലക്ഷം രൂപ കടം നൽകി. അനൂപ് കടക്കെണിയിലായിട്ടും കടം നൽകിയ പണം തിരികെപിടിക്കാൻ ബിനീഷ് ശ്രമിച്ചില്ല. ബിനീഷ്, മുഹമ്മദ് അനൂപ്, ഒരു വനിതാ സുഹൃത്ത്, മറ്റ് രണ്ടുപേർ എന്നിവർ‌ക്കൊപ്പം പാർട്ടിയിൽ കൊക്കെയ്‌ൻ ഉപയോഗിച്ചെന്ന സാക്ഷി മൊഴി. റോയൽ സ്യൂട്ട് അപ്പാർട്ട്‌മെന്റിൽ വച്ച് ഇരുവരും കൊക്കെയ്‌ൻ ഉപയോഗിച്ചെന്ന മറ്റൊരു സാക്ഷിമൊഴി.

മുഹമ്മദ് അനൂപിനൊപ്പം ലഹരിയുപയോഗിച്ച ബിനീഷിന് ഇയാളുടെ ബിസിനസിനെക്കുറിച്ചും ദുശീലത്തെക്കുറിച്ചും നന്നായറിയാമായിരിക്കും എന്ന് കോടതി നിരീക്ഷിച്ചു. ലഹരിയിടപാടിൽ അനൂപ് മുഹമ്മദിനൊപ്പം ബിനീഷിന് പങ്കെന്താണെന്ന് കോടതിയ്‌ക്ക് സംശയമുണ്ട്. ലഹരിക്കടത്തിൽ പ്രതിയല്ലാത്തതിനാൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ പ്രതിയല്ലാതാകില്ലെന്നും കോടതി അറിയിച്ചു. ഇക്കാരണത്താൽ ഹർജി കോടതി തള്ളിയതോടെ കേസിൽ ബിനീഷ് പ്രതിയായി തുടരും.