പൂജപ്പുര രവി വിരട്ടി, നസീർ അഭിനന്ദിച്ചു

Sunday 18 June 2023 11:11 PM IST

തിരുവനന്തപുരത്തെ താര ഹോട്ടലിൽ വച്ചാണ് ഒരിക്കൽ പൂജപ്പുര രവി എന്നെ കാണാനെത്തിയത്. അന്ന് അറിയപ്പെടുന്ന നാടക നടനായിരുന്നു. കലാനിലയത്തിലെ നടനെന്നു പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തിയത്. കോഴിക്കോട്ട് കലാനിലയം നാടകങ്ങളിലൂടെ രവിയുടെ അഭിനയ മികവ് ഞാൻ മനസിലാക്കിയിരുന്നു. സിനിമയിൽ അഭിനയിക്കാനുള്ള താൽപര്യം രവി എന്നെ അറിയിച്ചു. അങ്ങനെയാണ് 'അമ്മിണി അമ്മാവനി'ൽ രവിയെ കാസ്റ്റ് ചെയ്യുന്നത്.

സ്വാമിയെന്ന മുഴനീള കഥാപത്രം രവി മനോഹരമാക്കി. സിനിമയിൽ നസീറിനെ രവി വിരട്ടി ഗറ്റൗട്ടടിക്കുന്ന സീനുണ്ട്. തുടക്കക്കാരനായ രവി അന്നത്തെ സൂപ്പർതാര പദവിയുള്ള നസീറിനു മുന്നിൽ ഒട്ടു പതറാതെ അഭിനയിച്ചു. ആ സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞ് ക്യാമറാമാൻ കൃഷ്ണൻകുട്ടി കൈയടിച്ചു. പ്രേംനസീറും രവിയെ അഭിനന്ദിച്ചു. ചിത്രത്തിൽ സുകുമാരിയുമൊത്തുള്ള കോമ്പിനേഷൻ സീനുകളെല്ലാം രവി മനോഹരമാക്കി.

നാടകത്തിന്റെ കരുത്തായിരുന്നു രവിയുടെ കൈമുതൽ. അതേ സമയം നാടകത്തിൽ നിന്ന് വ്യത്യസ്തമായ ശൈലി സിനിമയിൽ സ്വീകരിക്കുകയും ചെയ്തു. എന്റെ അടുത്ത ചിത്രമായ സംഗമത്തിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമായി.

കോമഡി വേഷങ്ങളിലൂടെയാണ് ആദ്യ കാലത്ത് അദ്ദേഹം തിളങ്ങിയത്.അടൂർ ഭാസിയും ബഹദൂറുമൊക്കെ നിറഞ്ഞു നിൽക്കുണ്ടായിരുന്നു. പക്ഷെ, ആരേയും അനുകരിക്കാതെ സ്വതസിദ്ധമായ ശൈലിയിൽ രവി മുന്നോട്ടു പോയി. കഥാപാത്രത്തോട് കൂറു പുലർത്തുന്നതിൽ വിട്ടുവീഴ്ച കാണിക്കാത്ത നടനായിരുന്നു. സന്ദർഭവും സംഭാഷണവും പറയുമ്പോൾ പെട്ടെന്ന് മനസിലാക്കും.

വന്ന വഴി മറക്കാത്ത നടനായിരുന്നു. എന്നെ ഇടയ്ക്കിടെ വിളിച്ച് ക്ഷേമം അന്വേഷിക്കും. മൂന്നു മാസം മുമ്പും വിളിച്ചിരുന്നു.