ചിരിയുടെ കുറി തൊട്ട രവി മാഞ്ഞു പോയി
തിരുവനന്തപുരം: നെറ്റി നിറഞ്ഞ് മൂന്ന് വിരൽ കൊണ്ട് ഭസ്‌മക്കുറി. അതിനു താഴെ ചന്ദനപ്പൊട്ടും നടുവിലൊരിത്തിരി കുങ്കുമവും. പൂജപ്പുര രവിക്ക്
നാടകത്തിലും സിനിമയിലും കൂടുതലും ഇങ്ങനെ കുറി തൊട്ട നമ്പൂതിരി, സ്വാമി വേഷങ്ങളായിരുന്നു. രവി അത് ജീവിതത്തിൽ ഐശ്വര്യ ചിഹ്നമാക്കി. പുത്തരിക്കണ്ടത്തെ കലാനിലയം സ്ഥിരം നാടകവേദിയിൽ അഭിനയിക്കുന്ന കാലം. പാതിരാ കഴിഞ്ഞ് കിടന്നാലും അതിരാവിലെ എഴുന്നേൽക്കും. കുളിച്ച് കുറി തൊട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക്. പിന്നെ പഴവങ്ങാടി മഹാഗണപതി ക്ഷേത്രം. പൂജപ്പുരയിലെ വീട്ടിലുള്ളപ്പോഴൊക്കെ ചെങ്കള്ളൂർ മഹാദേവ ക്ഷേത്രത്തിലും പോകും. ദർശനം കഴിഞ്ഞാൽ ഒരുപാട് ദൂരം നടക്കും.
കലാനിലയത്തിനു വേണ്ടി ജഗതി എൻ.കെ. ആചാരിയും ചേരിയും (ചേരി വിശ്വനാഥപിള്ള) രചിച്ച നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി ആസ്വാദകരുടെ പ്രിയ നടനാകുന്നത്. രക്തരക്ഷസിലെ മന്ത്രവാദി രവിയെ പ്രശസ്‌തനാക്കി. കടമറ്റത്ത് കത്തനാർ, ശ്രീഗുരുവയൂരപ്പൻ, അലാവുദ്ദീനും അത്ഭുതവിളക്കും, മേരി മഗ്ദലന, ടാജ്മഹൽ തുടങ്ങിയ നാടകങ്ങളിലെല്ലാം തിളങ്ങി.
രവീന്ദ്രൻ നായരെ എല്ലാവരും രവി എന്ന് വിളിച്ചപ്പോൾ പൂജപ്പുര രവിയാക്കിത് കലാനിലയം കൃഷ്ണൻനായരായിരുന്നു. അതേപ്പറ്റി ഒരിക്കൽ രവി പറഞ്ഞു -
''കലാനിലയത്തിൽ വന്നപ്പോൾ ഒരുപാട് രവിമാരുണ്ട്. മെഴ്‌സ് രവി, ക്ലാർക് രവി... ആ രവിയെ വിളിക്കെന്ന് സാർ പറയുമ്പോൾ ഏത് രവിയെന്ന് അന്തിച്ച് നിൽക്കുന്നവരോട് പറയും, 'എടാ ആ പൂജപ്പുര രവിയെ വിളി", അങ്ങനെ ഞാൻ പൂജപ്പുര രവിയായി.""
1976ൽ ഹരിഹരന്റെ അമ്മിണി അമ്മാവനിലൂടെയാണ് സിനിമയിൽ അറിയപ്പെടുന്നത്. അതിനു മുമ്പ് വേലുത്തമ്പി ദളവയിൽ ചെറിയ വേഷം ചെയ്‌തിരുന്നു. ഓഫീസിൽ കർക്കശക്കാരനെങ്കിലും വീട്ടിൽ ഭാര്യയെ പേടിക്കുന്ന സ്വാമിയായിരുന്നു അമ്മിണി അമ്മാവനിൽ. സിനിമ തുടങ്ങുന്നത് പൂജപ്പുര രവിയുടെ സീനിലാണ്. സീറ്റിലിരുന്ന് തുള്ളിത്തുള്ളി അല്പം ശൃംഗാരത്തോടെ, ഇംഗ്ലീഷിൽ തയ്യാറാക്കേണ്ട കത്തിലെ വാചകങ്ങൾ പറഞ്ഞു കൊടുക്കുകയാണ് സ്വാമി. അപ്പോൾ ഹാഫ് ഡോർ തുറന്ന് വരുന്ന പ്രേംനസീറിന്റെ ഗോപിയോട് സ്വാമി തട്ടിക്കയറുന്നുണ്ട്. ഓഫീസിൽ പലഹാരങ്ങൾ കൊണ്ടുവരുന്ന സ്വാമി അതെല്ലാം ഭാര്യ ഉണ്ടാക്കിയതാണെന്ന് പറയും. വീട്ടിലെ പാചകക്കാരൻ സ്വാമിയായിരുന്നു. ചിത്രം സൂപ്പർഹിറ്റ്
കെ.എസ്. സേതുമാധവന്റെ 'ഓർമ്മകൾ മരിക്കുമോ"എന്ന ചിത്രത്തിലായിരുന്നു അടുത്ത വേഷം. സർവരോഗനിവാരണി വൈദ്യശാല നടത്തുന്ന 'വൈദ്യവിഭൂഷണം ശങ്കുണ്ണി വൈദ്യർ" പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു. അലോപ്പതി ഡോക്ടറിൽ നിന്ന് മരുന്നു വാങ്ങി പച്ചില അരച്ച് ചേർത്തായിരുന്നു വൈദ്യരുടെ ചികിത്സ. ഡോക്ടറെ കണ്ടിട്ട് പോകുന്ന വൈദ്യരെ കണ്ടപ്പോൾ ഒരാൾക്ക് അത്ഭുതം. ഡോക്ടർക്ക് സംശയം തീർക്കാൻ തന്നെ വിളിച്ചുവരുത്തിയെന്ന് വൈദ്യരുടെ മറുപടി. ഒടുവിൽ 'പിള്ളരല്ലേടേയ്"എന്നും കൂടി തട്ടിയാണ് പോകുന്നത്. കണ്ണുരുട്ടി പ്രത്യേക തരത്തിലാണ് പൂജപ്പുര രവി ഡയലോഗ് അവതരിപ്പിക്കുന്നത്.
ഓടരുതമ്മാവാ ആളറിയാം സിനിമയിലെ ഫയൽവാൻ വാസുപിള്ള, അയൽവാസി ഒരു ദരിദ്രവാസിയിലെ മിന്നൽ പരമശിവം, ആയിരപ്പറയിലെ കുറുപ്പായി, കിളിച്ചുണ്ടൻ മാമ്പഴത്തിലെ ചാപ്പുണ്ണി നായർ....
സത്യൻ, നസീർ, മധു, ജയൻ, കമലഹാസൻ, മമ്മൂട്ടി, മോഹൻലാലും കഴിഞ്ഞ് പ്രിഥ്വിരാജും ടൊവിനോ തോമസും ഉൾപ്പെടെ പല തലമുറകൾക്കൊപ്പം അഞ്ചു പതിറ്റാണ്ടോളം സജീവമായിരുന്നു അദ്ദേഹം.