മോദിപ്രശംസയിൽ റാഫിയും വിദ്യാവനവും,​ മൻ കി ബാത്തിൽ താമരക്കുളത്തെ 'മിയാവാക്കി' വനം

Monday 19 June 2023 12:17 AM IST

ചാരുംമൂട് : ആലപ്പുഴ താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകൻ റാഫി രാമനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്തിൽ താരമായി. പരിസ്ഥിതി പ്രവർത്തകൻകൂടിയായ റാഫി രാമനാഥ് സ്കൂളിൽ ഒരുക്കിയ ഔഷധസസ്യത്തോട്ടമായ വിദ്യാവനമാണ് പ്രധാനമന്ത്രിയുടെ പ്രശംസയ്‌ക്ക് കാരണമായത്. ഫലഭൂയിഷ്ടമല്ലാത്ത പ്രദേശത്തെ 'മിയാവാക്കി" മാതൃകയിലാണ് റാഫി ഹരിതാഭമാക്കിയത്.

വിദ്യാർത്ഥികളോട് റാഫി പ്രകൃതിയെയും പരിസ്ഥിതിയെയും കുറിച്ച് ആഴത്തിൽ വിശദീകരിക്കാൻ ആഗ്രഹിച്ചു. അതിനായി അദ്ദേഹം ഒരു ഔഷധത്തോട്ടം ഉണ്ടാക്കി, അത് ഒരു ജൈവവൈവിദ്ധ്യ മേഖലയായി മാറി. അതിന് അദ്ദേഹം വിദ്യാവനം എന്നു പേരിട്ടു. ഒരു അദ്ധ്യാപകനു മാത്രമേ ഇത്രയും മനോഹരമായി പേരിടാൻ കഴിയൂവെന്നും പ്രതിമാസ റേഡിയോപരിപാടിയിൽ പ്രധാനമന്ത്രി പറഞ്ഞു. 115 ഇനങ്ങളിലുള്ള 450ലധികം മരങ്ങളുണ്ട് വിദ്യാവനത്തിൽ. അവയെ സംരക്ഷിക്കാൻ വിദ്യാർത്ഥികളും ഒപ്പമുണ്ട്.

റാഫിയുടെ പരിസ്ഥിതി പ്രവർത്തനങ്ങളെയും അത് നടപ്പിലാക്കിയ സ്കൂളിനെയും പേരെടുത്തു മുക്തകണ്ഠം പ്രശംസിക്കാനും പ്രധാനമന്ത്രി മറന്നില്ല.

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ 2015 ലെ മികച്ച പരിസ്ഥിതി സംരക്ഷകനുളള പുരസ്കാരം ഉൾപ്പെടെ റാഫിക്ക് ലഭിച്ചിട്ടുണ്ട്. മാവേലിക്കര തെക്കേക്കര പളളിയാവട്ടത്ത് സന്തോഷ് ഭവനിൽ രാമനാഥൻ പിള്ളയുടെയും സുഭദ്രാമ്മയുടെയും മകനാണ്. ഭാര്യ : ശ്രീലക്ഷ്മി. മക്കൾ: ആർ.എസ്. അദ്വൈത്, ആർ.എസ്.പാർത്ഥിവ്.

എന്നും പ്രകൃതിക്കൊപ്പം

ജീവശാസ്ത്രം അദ്ധ്യാപകനാണ് റാഫി രാമനാഥ്,​ വനംവകുപ്പിന്റെ സഹായത്തോടെ സ്കൂളിൽ 50 ഔഷധസസ്യങ്ങൾ നട്ടുകൊണ്ടാണ് പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇപ്പോൾ ഇരുനൂറ്റിഅമ്പതോളം ഔഷധസസ്യങ്ങളുണ്ട്. വഴിയോര തണൽ മരങ്ങളിൽ ആണിയും മറ്റും തറച്ച് പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ 2012 ൽ സർക്കാർ ഉത്തരവ് നേടാൻ കഴിഞ്ഞത് റാഫിയുടെ അഭിമാനനേട്ടങ്ങളിലൊന്നാണ്. വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ച് നക്ഷത്രവനം, ഔഷധത്തോട്ടം, ശലഭപാർക്ക് തുടങ്ങി ജൈവവൈവിദ്ധ്യ സംരക്ഷണത്തിലൂടെ ഒരു ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടു സംരക്ഷിച്ചുവരുന്നു.