കൊല്ലത്തിന്റെ കായിക കുതിപ്പിന് ഇൻഡോർ സ്‌റ്റേഡിയം

Monday 19 June 2023 12:56 AM IST

 മുഖം മിനുക്കി എൽ.ബി.എസും

കൊല്ലം: ജില്ലയുടെ കായിക സ്വപ്‌നങ്ങൾക്ക്‌ പുത്തൻ പ്രതീക്ഷയുമായി ഒളിമ്പ്യൻ സുരേഷ്‌ ബാബു മൾട്ടി പർപ്പസ്‌ ഇൻഡോർ സ്‌റ്റേഡിയം നിർമ്മാണം പൂർത്തിയാകുന്നു. ഡിസംബറിൽ കായികലോകത്തിന്‌ സമർപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

രണ്ടായിരം പേർക്ക്‌ കളി കാണാൻ കഴിയുന്ന ഗാലറി, പരിശീലനത്തിൽ ഏർപ്പെടുന്ന നൂറ്റിയൻപത്‌ കായിക പ്രതിഭകൾക്ക്‌ താമസിക്കാനുള്ള മെൻസ്‌ ഹോസ്‌റ്റൽ, സിമ്മിംഗ്‌ പൂൾ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ദേശീയ - അന്തർ ദേശീയ മത്സരങ്ങൾ നടത്താനും 21 ഇനങ്ങളിൽ കായിക താരങ്ങൾക്ക് പരിശീലനം നൽകാനുമുള്ള കേരളത്തിലെ മികച്ച സ്റ്റേഡിയങ്ങളിലൊന്നാവും കൊല്ലം ഇൻഡോർ സ്റ്റേഡിയം.

2021 ഫെബ്രുവരി 20ന് കായിക മന്ത്രി ഇ.പി.ജയരാജനാണ് ശിലാസ്ഥാപനം നടത്തിയത്. കൊല്ലം പീരങ്കി മൈതാനിയിൽ സർക്കാർ അനുവദിച്ച 3.6 ഏക്കർ ഭൂമിയിലാണ്‌ സ്‌റ്റേഡിയം ഒരുങ്ങുന്നത്. സ്റ്റേഡിയത്തിന്റെ സ്ട്രക്ച്ചറൽ ജോലികളും റൂഫിംഗും പൂർത്തിയായി. ടൈലിംഗ്, ഹോസ്റ്റൽ, ചേഞ്ച് റൂം എന്നിവയുടെ നിർമ്മാണം നടന്നുവരുന്നു.

ആകെ ചെലവ് ₹ 39 കോടി

ഗാലറിയിൽ - 2000 പേർക്കിരിക്കാം

ഹോസ്റ്റൽ സൗകര്യം - 150 പേർക്ക്

കോർട്ടിന്റെ നീളം ​- 70 മീറ്റർ

ലാൽ ബഹദൂർ സ്‌റ്റേഡിയം

 സിന്തറ്റിക്ക്‌ ട്രാക്ക്‌ നിർമ്മാണം ആരംഭിച്ചു

 5.47 കോടി രൂപയുടെ പദ്ധതി

 പൂർത്തീകരണം ആറ്‌ മാസത്തിനകം

 കോർപ്പറേഷന്റെ ഒന്നര കോടിയുടെ നവീകരണം പുരോഗമിക്കുന്നു

 നടക്കുന്നത് പെയിന്റിംഗ്‌, ചോർച്ച അടയ്‌ക്കൽ, പവലിയൻ അറ്റകുറ്റപ്പണി

 ഫ്ലഡ്‌ ലൈറ്റ്‌ സ്ഥാപിക്കാൻ അഞ്ച്‌ കോടിയുടെ പ്രത്യേക പദ്ധതി

ലാൽ ബഹദൂർ സ്‌റ്റേഡിയം, ന്യൂ ഹോക്കി സ്‌റ്റേഡിയം, ആശ്രാമം മൈതാനം, ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളോടെ ഇൻഡോർ സ്‌റ്റേഡിയം. കൊല്ലത്തെ കായിക കേരളത്തിന്റെ ഹബ്ബാക്കുകയാണ് ലക്ഷ്യം.

സ്‌പോട്സ് കൗൺസിൽ അധികൃതർ