വ്യാജ ഡിഗ്രി വിവാദം; നിഖിൽ തോമസിന് സസ്‌പെൻഷൻ, നിയമനടപടികൾ സ്വീകരിക്കുമെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Monday 19 June 2023 5:18 PM IST

തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിന് സസ്‌പെൻഷൻ. നിഖിലിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് കായംകുളം എം എസ് എം കോളേജ് പ്രിന്‍സിപ്പല്‍ ഡോ മുഹമ്മദ് താഹ അറിയിച്ചു. സംഭവം അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ സമിതിയ്ക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും താഹ വ്യക്തമാക്കി.

കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള ബി കോം സർട്ടിഫിക്കറ്റ് ആദ്യം കൊണ്ടുവരുന്നത് കോളേജിലേക്കല്ല. സർവകലാശാലയിൽ നിന്നും തുല്യത സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമാണ് കോളേജിൽ അഡ്‌മിഷൻ എടുക്കുന്നതെന്നും താഹ പറഞ്ഞു. സർവകലാശാല നിയമങ്ങൾ അനുസരിച്ച് മാത്രമേ വിദ്യാർത്ഥിയ്ക്ക് പ്രവേശനം നൽകിയിട്ടുള്ളുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. റിപ്പോർട്ട് വന്നതിന് ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സർവകലാശാല അറിയിച്ചിരുന്നു. ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്നും രജിസ്ട്രാർ അറിയിച്ചു. വാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,​ നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്‌തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി ഹാരിസ് പറഞ്ഞു.