'എന്നെന്നും നന്ദിയുള്ളവനായിരിക്കും'; സ്‌പെഷ്യൽ സോഷ്യൽ മീഡിയ പോസ്‌റ്റുമായി കൊഹ്‌ലി, അമ്പരപ്പോടെ ആരാധകർ
ഇന്ത്യ കണ്ട മികച്ച ബാറ്റർമാരിലൊരാളാണ് മുൻ ഇന്ത്യൻ നായകനായ വിരാട് കൊഹ്‌ലി. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിൽ അൽപം നിറം മങ്ങിയെങ്കിലും ഇപ്പോഴും കൊഹ്‌ലിയുടെ ആരാധകർക്ക് കുറവൊന്നും വന്നിട്ടില്ല. തന്റെ കരിയറിലെ ഒരോർമ്മ ചിത്രം പങ്കുവച്ചിരിക്കുകയാണ് കൊഹ‌്ലി ഇപ്പോൾ. കൊഹ്‌ലി ടെസ്‌റ്റ് ക്രിക്കറ്റിൽ അരങ്ങേറ്രം കുറിച്ചതിന്റെ 12ാം വാർഷിക ദിനമായിരുന്നു ഇന്ന്. 2011 ജൂൺ 20ന് വെസ്‌റ്റ് ഇൻഡീസിലെ സബീന പാർക്കിൽ ക്രിക്കറ്റിലെ ഏറ്റവും നീളമേറിയ ഫോർമാറ്റിൽ അരങ്ങേറിയ 'കിംഗ് കൊഹ്‌ലി' ഇന്ത്യയ്‌ക്ക് വേണ്ടി 109 ടെസ്‌റ്റുകളിൽ 8479 റൺസ് നേടിയിട്ടുണ്ട്. 28 വീതം സെഞ്ച്വറിയും അർദ്ധ സെഞ്ച്വറിയും കൊഹ്‌ലി ഇതിനകം നേടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 254 ആണ് ടെസ്‌റ്റിലെ മികച്ച സ്‌കോർ.
'ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്നേക്ക് 12 വർഷം. എന്നെന്നും ഞാൻ നന്ദിയുള്ളവനായിരിക്കും' എന്ന വാചകത്തോടെയാണ് കൊഹ്‌ലി ചിത്രം പങ്കുവച്ചത്. സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവുമധികം ആളുകൾ ഫോളോ ചെയ്യുന്ന സ്‌പോർട്‌സ് സെലിബ്രിറ്റികളിലൊരാൾ കൊഹ്‌ലിയാണ്. 252 മില്യൺ ആളുകളാണ് കൊഹ്‌ലിയെ ഇൻസ്‌റ്റഗ്രാമിൽ പിന്തുടരുന്നത്. 34 കാരനായ കൊഹ്‌ലിയുടെ സമ്പാദ്യം 1050 കോടിയോളമെന്നാണ് വിവരം. അടുത്തവരുന്ന വെസ്‌റ്റ് ഇൻഡീസ് പര്യടനത്തിലും കൊഹ്‌ലി ടീമിലുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചനകൾ.