പുരാവസ്തു തട്ടിപ്പു കേസ് , കെ. സുധാകരന്റെ അറസ്റ്റിന് ഒരുങ്ങി ക്രൈംബ്രാഞ്ച്

Wednesday 21 June 2023 1:56 AM IST

കൊച്ചി: മോൻസൺ മാവുങ്കൽ മുഖ്യപ്രതിയായ പുരാവസ്തു - സാമ്പത്തിക തട്ടിപ്പുകേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാലുടൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് സന്നാഹമൊരുക്കുന്നു. സുധാകരന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണനയ്ക്ക് വരുമ്പോൾ തെളിവുകളുടെ വിശദാംശം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.

മോൻസൺ മുഖ്യപ്രതിയായ തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാണ് കെ. സുധാകരൻ. കേസിൽ രഹസ്യമൊഴി നൽകിയ വ്യക്തിയാണ് പ്രധാനസാക്ഷി. സംഭവദിവസം മോൻസണിന്റെ വീട്ടിൽ വച്ച് സുധാകരൻ പണം കൈപ്പറ്രുന്നത് കണ്ടെന്നാണ് മൊഴി. ഈ സാക്ഷിയുമായി മോൻസൺ ഡൽഹിക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കേസിൽ സുധാകരനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

സുധാകരന്റെ മദ്ധ്യസ്ഥതയി​ൽ താൻ 25 ലക്ഷം രൂപ മോൻസണിന് നൽകി​യെന്ന് പരാതിക്കാരിൽ ഒരാളായ അനൂപി​ന്റെ മൊഴി​യുണ്ട്. ഇതിൽ പത്ത് ലക്ഷം രൂപ സുധാകരന് അനൂപ് മടങ്ങി​യ ഉടനെ തന്നെ കൈമാറുന്നത് കണ്ടെന്നാണ് മോൻസണിന്റെ മുൻ ഡ്രൈവർ അജിത്തും ജീവനക്കാരായ ജെയ്‌സണും ജോഷിയും നൽകിയ മൊഴി​.

പണം നേരിട്ട് വാങ്ങാറില്ലെന്ന് മോൻസൺ;

തെളിവ് നിരത്തിയപ്പോൾ വെള്ളംകുടിച്ചു

ആരിൽ നിന്നും പണം നേരിട്ട് വാങ്ങാറില്ലെന്ന് മോൻസൺ മാവുങ്കൽ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിരുന്നു. എന്നാൽ പണം വാങ്ങുന്നതിന്റെ ദൃശ്യം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ കാണിച്ചപ്പോൾ ഓർമ്മയില്ലെന്ന് തിരുത്തി. വിയ്യൂർ ജയിലിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആർ. റസ്തത്തിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് മോൻസൺ ഉരുണ്ടുകളിച്ചത്. കെ. സുധാകരന് പണം നൽകിയോയെന്ന ചോദ്യത്തിന് ഓ‌ർമ്മയില്ലെന്നായിരുന്നു മറുപടി. പുരാവസ്തുതട്ടിപ്പ് കേസിൽ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മോൻസൺ അക്കൗണ്ടുവഴി പണം വാങ്ങാറില്ലെന്നാണ് കണ്ടെത്തിയത്. പലരിൽ നിന്നും കോടികൾ വാങ്ങിയെങ്കിലും മോൻസണിന്റെ അക്കൗണ്ടിൽ തുച്ഛമായ പണം മാത്രമാണ് ഉണ്ടായിരുന്നത്.

മോൻസണിനെ ഭീഷണിപ്പെടുത്തിയിട്ടില്ല

പോക്സോ കേസിൽ സുധാകരന് പങ്കില്ലെന്ന് മോൻസൺ വ്യക്തമാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി വൈ.ആർ റസ്തം പറഞ്ഞു. പിന്നെ എന്തിന് മോൻസണെ താൻ ഭീഷണിപ്പെടുത്തണം? പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുത്. സുധാകരനെതിരെ കേസെടുത്തതിനെ തുടർന്ന്, പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് ചിലർ മാർച്ച് നടത്തിയത് വേദനയുണ്ടാക്കിയെന്നും റസ്തം പറഞ്ഞു.