പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട് സ്വദേശിനിയുടെ അമ്മയ‌്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം, മന്ത്രിസഭായോഗ തീരുമാനങ്ങൾ

Wednesday 21 June 2023 12:29 PM IST

തിരുവനന്തപുരം: പേവിഷബാധയേറ്റ് മരണപ്പെട്ട കോഴിക്കോട് ചെറുവണ്ണൂർ സ്വദേശി ഷീബാകുമാരിയുടെ മാതാവ് കുഞ്ഞുലക്ഷ്മിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ നാല് സർക്കാർ ലോ കോളേജുകളിൽ പുതിയ അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായി. തിരുവനന്തപുരം (3), എറണാകുളം( 7), തൃശ്ശൂർ (9), കോഴിക്കോട് (7) എന്നിങ്ങനെ 26 തസ്തികകളാണ് സൃഷ്ടിക്കുക.

മറ്റു തീരുമാനങ്ങൾ-

റവന്യുഭവൻ നിർമ്മാണത്തിന് അനുമതി

റവന്യുഭവൻ നിർമ്മാണത്തിനും ഡോ. എപിജെ അബ്ദുൾകലാം നോളജ് സെന്റർ ആൻഡ് സ്‌പെയ്സ് മ്യൂസിയം സ്ഥാപിക്കുന്നതിനും അനുമതി നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരം പേരൂർക്കട വില്ലേജിൽ കവടിയാർ കൊട്ടാരം വക മിച്ചഭൂമി ഏറ്റെടുത്ത സ്ഥലമാണ് ഉപയോഗിക്കുക. 100 സെന്റ് ഭൂമി റവന്യുഭവൻ നിർമ്മാണത്തിന് ഉപയോഗിക്കും. 130 സെന്റ് ഭൂമി ഡോ. എപിജെ അബ്ദുൾകലാം നോളജ് സെന്റർ ആൻഡ് സ്‌പെയ്സ് മ്യൂസിയം സ്ഥാപിക്കുന്നതിന് നിബന്ധനകളോടെ 30 വർഷത്തേക്ക് പാട്ടത്തിന് നൽകുന്നതിനും അനുമതി നൽകി.

സാധൂകരിച്ചു

കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ഉപാധികളോടെ നശിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും നടപടിക്രമങ്ങളും അടങ്ങുന്ന 2022 മെയ് 28ലെ ഉത്തരവിന്റെ കാലാവധി ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ച നടപടി സാധൂകരിച്ചു.