ജില്ലാ ആശുപത്രിയിൽ നിന്ന് പിടികൂടിയത് പത്ത് മൂർഖൻ പാമ്പുകളെ; മാളങ്ങൾ അടച്ചുതുടങ്ങിയെന്ന് അധികൃതർ
Wednesday 21 June 2023 2:07 PM IST
മലപ്പുറം: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പാമ്പ് ശല്യം രൂക്ഷം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പത്ത് മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. സർജിക്കൽ വാർഡിൽ നിന്നും ഇതിനോടുചേർന്ന വരാന്തയിൽ നിന്നുമാണ് പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടിയത്. ഇതോടെ ആശുപത്രിയിലെ സർജിക്കൽ വാർഡ് അടച്ചു.
ആശുപത്രി ജീവനക്കാരും, ജില്ലാ ട്രോമ കെയർ പ്രവർത്തകരും ചേർന്നാണ് പാമ്പുകളെ പിടികൂടിയത്. ഈ സമയം എട്ടോളം രോഗികൾ സർജിക്കൽ വാർഡിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.പാമ്പിന്റെ മാളമുണ്ടായിരുന്നതായും ഒരു ചാനൽ റിപ്പോർട്ട് ചെയ്യുന്നു. മാളങ്ങൾ അടച്ചുതുടങ്ങിയിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.
പാമ്പുകളെ പിടികൂടിയതിന് പിന്നാലെ രോഗികളെ സർജിക്കൽ വാർഡിൽ നിന്ന് മെഡിക്കൽ വാർഡിലേക്ക് മാറ്റി. സർജിക്കൽ വാർഡിന്റെ പിറക് വശം കാടുപിടിച്ചുകിടക്കുകയാണെന്നാണ് വിവരം.