തലസ്ഥാനത്ത് പിടിതരാത്ത ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് തൊട്ടടുത്ത്; പിന്തുടർന്ന് അധികൃതർ

Wednesday 21 June 2023 7:44 PM IST

തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ദിവസങ്ങൾക്ക് മുൻപ് ചാടിപ്പോയ പെൺ ഹനുമാൻ കുരങ്ങിനെ സമീപത്ത് തന്നെ കണ്ടെത്തി. മൃഗശാല പരിസരത്തിന് തൊട്ടടുത്ത് എൽ എം എസ് പള്ളി, മാസ്‌കോട്ട് ഹോട്ടൽ എന്നിവയ്‌ക്ക് സമീപത്തായാണ് കുരങ്ങുള്ളത്. മൃഗശാലാ അധികൃതർ സസൂക്ഷ്‌മം കുരങ്ങിനെ പിന്തുടരുന്നുണ്ട്. കുരങ്ങിന്റെ ആരോഗ്യസ്ഥിതി നിലവിൽ പ്രശ്‌നമല്ലെന്നും ആശങ്കയില്ലെന്നുമാണ് സൂചന.

കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ചാടി പോയ മൂന്ന് വയസുള്ള പെൺകുരങ്ങിനെ കണ്ടെത്താനായി വ്യാപകമായി തിരച്ചിലാണ് മൃഗശാല ജീവനക്കാർ നടത്തിവന്നത്. ആദ്യം നന്തൻകോട് ഭാഗത്തേയ്ക്ക് കടന്ന കുരങ്ങ് പിന്നീട് മൃഗശാലയിലേയ്ക്ക് തിരികെയെത്തി കാട്ടുപോത്തുകളുടെ കൂടിന് സമീപമുള്ള ആഞ്ഞിലി മരത്തിൽ നിലയുറപ്പിച്ചിരുന്നു. എന്നാൽ പിന്നീട് കുറവൻകോണം, അമ്പലമുക്ക് അടക്കമുള്ള ഭാഗങ്ങളിൽ കുരങ്ങിനെ കണ്ടതായി നാട്ടുകാർ വിവരമറിയിച്ചു. പിന്നാലെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇത് സാധാരണ പ്രദേശത്തുള്ള കുരങ്ങാണെന്നും സൂചന ലഭിച്ചു. മൃഗശാല വളപ്പിലും ചാടിപ്പോയ കുരങ്ങിനെ കണ്ടതായി പിന്നീട് വിവരം ലഭിച്ച പ്രദേശങ്ങളിലും പരിശോധന നടത്തി.

മൃഗങ്ങളെ കൈമാറുന്നതിന്റെ ഭാഗമായി മൃഗശാലയിൽ പുതിയതായി എത്തിച്ച കുരങ്ങാണ് പുറത്ത് ചാടിയത്. ഇതിനോടൊപ്പം രണ്ട് എമുവിനെയും രണ്ട് സിംഹത്തെയും പുതിയതായി എത്തിച്ചിരുന്നു. സംഭവശേഷം പുറത്തുവന്ന ദൃശ്യങ്ങളിൽ കൂട്ടിൽ നിന്ന് ഇറങ്ങി ഓടി മരങ്ങളിൽ കയറുന്ന കുരങ്ങിനെ കാണാൻ സാധിക്കുന്നുണ്ട്. മരത്തിന് മുകളിൽ ഇരിക്കുന്ന കുരങ്ങിനെ താഴെ ഇറക്കാൻ ഇഷ്ടഭക്ഷണം കാണിച്ചെങ്കിലും ഇറങ്ങാൻ കൂട്ടാക്കിയില്ല. കുരങ്ങിനെ തുറന്നുവിട്ടപ്പോൾ ജാഗ്രതക്കുറവുണ്ടായില്ല എന്നാണ് മന്ത്രി ആവർത്തിക്കുന്നത്.