'കേരളത്തിലെ കോളേജുകളിൽ റാഗിംഗും വർഗീയതയും ഇല്ലാതെ സംരക്ഷിക്കുന്നത് എസ് എഫ് ഐ'; കരിവാരിത്തേയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി റിയാസ്

Thursday 22 June 2023 3:47 PM IST

തിരുവനന്തപുരം: റാഗിംഗും അരാജകത്വവുമില്ലാതെ കേരളത്തിലെ ക്യാമ്പസുകളെ സംരക്ഷിക്കുന്നത് എസ്എഫ്ഐ ആണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തെറ്റായ എന്തെങ്കിലും സംഭവങ്ങളുണ്ടായാൽ ശക്തമായ നിലപാടാണ് പാർട്ടിയും എസ്എഫ്ഐയും സ്വീകരിച്ചത്. എസ്എഫ്ഐയെ കരിവാരിത്തേക്കാൻ മനഃപ്പൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തെ മറ്റ് ക്യാമ്പസുകൾ പരിശോധിച്ചാൽ വർഗീയതയും അരാജകത്വവുമാണ് നടക്കുന്നത്. കേരളത്തിലെ ക്യാമ്പസുകളെ വർഗീയതയിൽ നിന്ന് സംരക്ഷിക്കുന്നത് എസ്എഫ്ഐ ആണ്. ഭാവി കേരളത്തിന്റെ സംരക്ഷകരാണ് എസ്എഫ്ഐ. അതിനെ ദുർബലപ്പെടുത്താനുള്ള എല്ലാ നീക്കവും കേരളത്തിന്റെ പൊതുസമൂഹം പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐയുടെ വിജയത്തിൽ സംസ്ഥാന സെക്രട്ടറി പി എംആർഷേ‍ായെ നേരില്‍ കണ്ട് അഭിനന്ദിച്ചതായി മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. ആര്‍ഷോയ്ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു. “കാർമേഘങ്ങളുടെ ഘോഷയാത്രകൾക്കിടയിൽ നക്ഷത്രങ്ങൾ കെട്ടുപോകില്ല” എന്നാണ് മന്ത്രി ചിത്രത്തിനൊപ്പം കുറിച്ചത്. കാലിക്കറ്റ്, കേരള, മഹാത്മാഗാന്ധി, മലയാളം, സംസ്കൃതം, കുസാറ്റ്, ആരോഗ്യം, കാർഷികം, വെറ്റിനറി, ഫിഷറീസ്, ടെക്നിക്കൽ യൂണിവേഴ്സിറ്റി തുടങ്ങി ഇന്റർ പോളി, ഇന്റർ ഐടിഐ, സ്കൂൾ പാർലമെന്റ് അടക്കമുള്ള എല്ലാ ജനാധിപത്യ വേദികളിലും എസ്എഫ്ഐയുടെ ഉജ്വല വിജയം തുടരുകയാണെന്നും മുഹമ്മദ് റിയാസ് കുറിച്ചു.