മന്ത്രിതല യോഗത്തിൽ തീരുമാനം, ഗുരുതര രോഗമുള്ള തെരുവു നായ്‌ക്കൾക്ക് ദയാവധം

Friday 23 June 2023 4:27 AM IST

 എ.ബി.സി ചട്ടങ്ങൾ റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: ഗുരുതര പരിക്കുള്ളതും ചികിത്സിച്ച് ഭേദമാക്കാൻ കഴിയാത്ത അസുഖങ്ങൾ ഉള്ളതുമായ തെരുവു നായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കാൻ തീരുമാനം. മന്ത്രിമാരായ എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണിത്. ഇത്തരം നായ്‌ക്കളെ ദയാവധത്തിന് വിധേയമാക്കാൻ നിയമം അനുശാസിക്കുന്നുണ്ട്. ആ ചട്ടം നടപ്പാക്കിയാൽ മതിയെന്ന് മന്ത്രി രാജേഷ് പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ കൊല്ലാനുള്ള തീരുമാനമെടുക്കാൻ സി.ആർ.പി.സി നിയമം മജിസ്‌ട്രേട്ടുമാർക്ക് അധികാരം നൽകുന്നുണ്ടെന്നും വ്യക്തമാക്കി.


പുതുക്കിയ എ.ബി.സി ചട്ടങ്ങൾ അപ്രായോഗികമാണെന്നും നിലവിലെ വന്ധ്യംകരണ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്നതുമാണെന്നും യോഗം വിലയിരുത്തി. ചട്ടങ്ങൾ പുന: പരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. ആവശ്യമെങ്കിൽ ചട്ടങ്ങൾ റദ്ദാക്കാൻ സുപ്രീംകോടതിയെ സമീപിക്കും.


കൂടുതൽ എ.ബി.സി കേന്ദ്രങ്ങൾ തുടങ്ങാൻ കേന്ദ്ര നിയമം തടസമാകുന്നുണ്ട്. 2,000 ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉണ്ടെങ്കിലേ പുതിയ കേന്ദ്രം ആരംഭിക്കാവൂ എന്നാണ് വ്യവസ്ഥ. മനുഷ്യന്റെ കാര്യത്തിൽപോലും ഇത്തരമൊന്നില്ല. നടപ്പാക്കാൻ സാധിക്കാത്ത വിധമുള്ള നിബന്ധനകൾ കാരണം അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ലഭിക്കാതെ പോകുന്നു.

70,000 ലധികം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ കുടുംബശ്രീക്ക് ബോർഡ് അംഗീകാരം പിൻവലിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. നിയമങ്ങളുടെയും കോടതി വിധികളുടെയും പരിമിതികളിൽ നിന്ന് മാത്രമേ തീരുമാനം എടുക്കാനാവൂവെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് മൃഗസ്നേഹികളുടെ യോഗം വിളിച്ചു ചേർക്കും. വകുപ്പ് കണ്ടെത്തിയ 170 ഹോട്ട് സ്പോട്ടുകളിലടക്കം തെരുവു നായ്ക്കളിൽ അടിയന്തരമായി വാക്‌സിനേഷൻ നടത്തും. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് യോഗം ചേർന്നത്.

25 എ.ബി.സി കേന്ദ്രങ്ങൾ കൂടി

നിലവിൽ 20 എ.ബി.സി കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ട്

 സ്ഥലസൗകര്യമുള്ള മൃഗാശുപത്രികളിലടക്കം 25 എണ്ണം കൂടി തുറക്കും

മൊബൈൽ കേന്ദ്രങ്ങളും തുടങ്ങും
മൃഗക്ഷേമ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വ്യക്തി/സംഘടനകളുടെ

ഷെൽട്ടർ സംവിധാനം പ്രയോജനപ്പെടുത്തും

Advertisement
Advertisement