13 യൂട്യൂബർ‌മാരിൽ പലരും അടയ്ക്കാനുള്ളത് രണ്ട് കോടി വരെ; ഒരു രൂപ പോലും അടയ്‌ക്കാത്തവരുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തൽ

Friday 23 June 2023 11:55 AM IST

കൊച്ചി: സംസ്ഥാനത്ത് നടന്ന റെയ്‌ഡിന് പിന്നാലെ യൂട്യൂബർമാർക്കെതിരെ നടപടിയുമായി ആദായനികുതി വകുപ്പ്. കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിൽ യൂട്യൂബർമാർ 25 കോടിയോളം രൂപയടക്കാനുണ്ടെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ ചിലർ രണ്ട് കോടിയോളം രൂപ നികുതിയായി അടയ്‌ക്കാനുണ്ട്. എന്നാൽ ഒരു രൂപ പോലും ഇന്നുവരെ നികുതി അടയ്‌ക്കാത്തവരുമുണ്ട്.

ഇക്കാര്യം തിരക്കിയപ്പോൾ പലരും നികുതി അടയ്‌ക്കണം എന്ന വിവരം അറിയില്ലായിരുന്നു എന്നാണ് പ്രതികരിച്ചത്. സംസ്ഥാനത്ത് കൂടുതൽ യൂട്യൂബർമാരിലേക്കും നികുതി പരിശോധന വ്യാപിപ്പിക്കുമെന്നാണ് സൂചന. നിലവിൽ 13 യൂട്യൂബർ‌മാരുടെ വീടുകളിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ പേളി മാണി, ഫിഷ്ംഗ് ഫ്രീക്ക്(സെബിൻ),എം4ടെക്,അർജ്യു, കോൾമി ഷെസാം,അഖിൽ എൻആ‌ർഡി, ജയരാജ്.ജി നാഥ്, അൺബോക്‌സിംഗ് ഡ്യൂഡ്,റൈസിംഗ് സ്‌റ്റാർ,ഈഗിൾ ഗെയിമിംഗ്, കാസ്‌ട്രോ ഗെയിമിംഗ് എന്നിവരടക്കം യൂട്യൂബർമാരുടെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പലരും വർഷം ഒരു കോടി മുതൽ രണ്ട് കോടി വരെ വരുമാനമുള്ളവരാണെന്നും ഇവർക്ക് ഉദ്ഘാടനങ്ങളിലും വിദേശ യാത്രയിലും മറ്റും നിരവധി വരുമാനമുണ്ടായിരുന്നതായും ഇതിനുപുറമേ പല കമ്പനികളും വിലയേറിയ അവരുടെ വസ്‌തുക്കൾ സമ്മാനമായി നൽകിയിരുന്നതായുമാണ് പുറത്തുവരുന്ന വിവരം.