വർക്കല ക്ളിഫിൽ നിന്ന് വിനോദ സഞ്ചാരി 50 അടി താഴ്‌ചയിലേയ്ക്ക് വീണു, യുവാവിന് ഗുരുതര പരിക്ക്
Sunday 25 June 2023 8:02 AM IST
തിരുവനന്തപുരം: വർക്കല ഹെലിപ്പാടിന് സമീപമുള്ള ക്ളിഫിൽ നിന്ന് 50 അടിയോളം താഴ്‌ചയിലേയ്ക്ക് വിനോദ സഞ്ചാരി വീണു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. തമിഴ്‌നാട് സ്വദേശിയായ സതീഷ് (30) ആണ് അപകടത്തിൽപ്പെട്ടത്.
സതീഷും സഹോദരൻ വെങ്കിടേഷും മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇന്നലെയാണ് വർക്കലയിലെത്തിയത്. ക്ളിഫ് കുന്നിന് മുകളിലൂടെ നടക്കവേ കാൽവഴുതി സതീഷ് താഴേയ്ക്ക് വീഴുകയായിരുന്നു. ഇതുകണ്ട് വെങ്കിടേഷും സുഹൃത്തുക്കളും ബഹളംവച്ചതോടെ ടൂറിസം പൊലീസ് സ്ഥലത്തെത്തി. പിന്നാലെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
സതീഷിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. സതീഷിന് നട്ടെലിന് അടക്കം ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് ഡോക്‌ടർമാർ അറിയിച്ചു.