സമസ്ത സഹവർത്തിത്വത്തിന്റെ മാതൃക: കാന്തപുരം

Monday 26 June 2023 12:07 AM IST
സമസ്ത 98ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കോഴിക്കോട് സമസ്ത സെന്ററിൽ സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ പതാകയുയർത്തുന്നു.

കോഴിക്കോട്: കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പങ്ക് വളരെ വലുതാണെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ പറഞ്ഞു. സമസ്ത 98ാം സ്ഥാപകദിനത്തോടനുബന്ധിച്ച് കോഴിക്കോട് സമസ്ത സെന്ററിൽചടങ്ങിൽ പതാക ഉയർത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കാന്തപുരം.

വർഗീയ വിഭാഗീയ ചിന്തകളിലൂടെ ചിലർ ധ്രുവീകരണത്തിന് ശ്രമിച്ച പല ഘട്ടങ്ങളിലും ജാതിമത ചിന്തകൾക്കപ്പുറം മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് കേരളത്തിലെ ജനങ്ങൾ പ്രകടിപ്പിച്ച സ്‌നേഹവും സൗഹൃദവും രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. തീവ്രതയുടെയും വിദ്വേഷത്തിന്റെയും അവിവേകത്തിന്റെയും നിലപാട് വിശ്വാസിക്ക് ചേർന്നതല്ലെന്നും സഹജീവികളോട് സഹിഷ്ണുതയോടെ മാത്രമേ പെരുമാറാവൂ എന്നും സമസ്ത കുഞ്ഞുനാളിലെ പുതു തലമുറയെ പഠിപ്പിച്ചു. ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും വർഗീയ വിഭാഗീയ പ്രവർത്തനങ്ങൾ തടയുന്നതിലും സമസ്ത രൂപീകരണ കാലം മുതൽ ഇന്ന് വരെ ജാഗ്രത പുലർത്തിപ്പോന്നിട്ടുണ്ട്. ഈ വസ്തുത പൊതുസമൂഹവും കൃത്യമായി മനസിലാക്കിയതാണ്. ഇപ്പോൾ 10435 മദ്രസകൾ സമസ്തയ്ക്ക് കീഴിൽ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തിനകത്തും പുറത്തും ഏറെ ആകർഷിക്കപ്പെട്ട മർകസ് അടക്കമുള്ള സ്ഥാപനങ്ങൾ ഈ പണ്ഡിത സംഘടനയുടെ സംഭാവനയാണ്. പല കാരണങ്ങളാൽ ഇന്നും എല്ലാ രംഗത്തും പിന്നാക്കം നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സ്‌കൂളുകളും മദ്രസകളും സ്ഥാപിച്ച് അവരെ കൈപിടിച്ചുയർത്താൻ വലിയ ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നാടിനും സമൂഹത്തിനും വെളിച്ചമേകിയ 97 വർഷങ്ങളാണ് സമസ്തയ്ക്ക് കഴിഞ്ഞുപോയത്. ലോക ഇസ്ലാമിക വേദികളിൽ പലപ്പോഴായി ഈ കേരളീയ പണ്ഡിത സംഘടനയുടെ ശബ്ദം മുഴങ്ങിക്കേട്ടു. രാജ്യത്തെ പൊതുസമൂഹത്തിന്റെയും പ്രത്യേകിച്ച് മുസ്ലീം സമുദായത്തിന്റെയും ഉന്നമനത്തിനായി വലിയ ദൗത്യങ്ങളേറ്റെടുത്തു കൊണ്ടാണ് പുതിയ കാലത്തും സമസ്ത മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് സയ്യിദ് അലി സഖാഫി, സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി, കെ.കെ. അഹ്‌മദ് കുട്ടി മുസ്ല്യാർ എന്നിവർ പങ്കെടുത്തു.