ലഹരിവേട്ട: 5 മാസം, 45,637 കേസുകൾ

Monday 26 June 2023 12:00 AM IST

തിരുവനന്തപുരം: മയക്കുമരുന്നിനും ലഹരിക്കടത്തിനുമെതിരെ സംസ്ഥാനത്ത് ജനുവരി മുതൽ മേയ് വരെ എക്‌സൈസ് എടുത്തത് 45,637 കേസുകൾ. മയക്കുമരുന്ന് കേസു മാത്രം 2,740 എണ്ണം. ഇതിൽ 2726 പേരെ അറസ്റ്റു ചെയ്തു. മയക്കുമരുന്ന് കേസുകൾ കൂടുതൽ പിടിക്കപ്പെട്ടത് എറണാകുളം ജില്ലയിൽ-358 എണ്ണം. കുറവ് കാസർകോട്- 31. കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം 14.66 കോടി.

578 വാഹനങ്ങളും പിടിച്ചെടുത്തു. 8003 എണ്ണം അബ്കാരി കേസുകളാണ്. ഇതിൽ 6,926 പേർ പിടിയിലായി. 34,894 കേസുകൾ പുകയില ഉത്‌പന്നങ്ങളുമായി ബന്ധപ്പെട്ടതാണ്. പൊലീസ്, വനം തുടങ്ങിയ വകുപ്പുകളുമായി ചേർന്ന് 836 റെയ്ഡുകളും ഇക്കാലയളവിൽ നടത്തി.

മയക്കുമരുന്നിനെതിരെ കൂടുതൽ ശക്തമായ നടപടികളുമായി എക്‌സൈസ് മുന്നോട്ടുപോകുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരായ പ്രചാരണ പരിപാടികൾ ശക്തമായി തുടരും.