അഭിമന്യു വധക്കേസ് : വിചാരണ വേഗത്തിലാക്കാൻ പ്രോസിക്യൂഷൻ

Wednesday 03 July 2019 12:37 AM IST

കൊച്ചി : മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം കേസിലെ സാക്ഷികളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊബൈൽഫോൺ വിവരങ്ങളും സി.സി. ടി.വി ദൃശ്യങ്ങളുടെ പകർപ്പും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതികളുടെ അഭിഭാഷകൻ അപേക്ഷ നൽകി. സാക്ഷികളുടെ ടവർ ലൊക്കേഷൻ വിവരങ്ങൾ പ്രതിഭാഗത്തിനു നൽകാമെന്നും ഫോൺവിളികളുടെ വിശദാംശങ്ങൾ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. അഭിമന്യു വധക്കേസിലെ നിർണായക തെളിവായി കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പ് പ്രതിഭാഗത്തിന് നൽകാൻ തടസമില്ലെന്നും പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷ്യൽ പ്രോസിക്യൂട്ടർ വ്യക്തമാക്കി. തുടർന്ന് പ്രതിഭാഗത്തിന്റെ അപേക്ഷ ഇന്ന് വിധി പറയാൻ മാറ്റി.

16 പ്രതികൾക്കെതിരെ അന്വേഷണ സംഘം കുറ്റപത്രം നൽകിയിട്ടുണ്ടെങ്കിലും ഇവരിൽ ഒമ്പതു പ്രതികളാണ് ആദ്യഘട്ട വിചാരണ നേരിടുന്നത്. ഇന്നലെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാൻ പ്രതികൾ അവധി അപേക്ഷ നൽകിയിരുന്നു. വിചാരണ നടപടികൾ തീരുമാനിക്കാനാണ് ഇന്നലെ കോടതി കേസ് പരിഗണിച്ചതെങ്കിലും പ്രതികൾ ഹാജരില്ലാത്തതിനാൽ കഴിഞ്ഞില്ല. തുടർന്ന് കേസ് ആഗസ്റ്റ് 21 നു പരിഗണിക്കാൻ മാറ്റി.

കഴിഞ്ഞവർഷം ജൂലായ് രണ്ടിനാണ് കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായുണ്ടായ തർക്കത്തിനിടെ അഭിമന്യു കുത്തേറ്റ് മരിച്ചത്.