നെടുങ്കണ്ടം സ്റ്റേഷനിൽ മറ്റൊരാൾക്കും ക്രൂരമർദ്ദനം, രാജ്കുമാർ കസ്റ്റഡിയിലിരുന്നത് 14ന് രാത്രി
കട്ടപ്പന / രാജാക്കാട്: രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽ വച്ച് നാല് ദിവസത്തോളം ക്രൂരമായി മർദ്ദിച്ച് മരണത്തിലേക്ക് തള്ളിവിട്ട നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ മറ്റൊരാൾ കൂടി മർദ്ദനത്തിനിരയായതായി പരാതി. മുണ്ടിയെരുമ ബ്ലോക്ക് നമ്പർ 997-ൽ ഹക്കീമിനാണ് (31) മർദ്ദനമേറ്റത്. രാജ് കുമാറിനെ കസ്റ്റഡിയിലെടുത്ത ജൂൺ 14ന് രാത്രിയിലാണ് ഹക്കിമിനും മർദ്ദനമേറ്റത്.
കുടുംബ വഴക്കിനെ തുടർന്ന് ഭാര്യ വീട്ടുകാർ നൽകിയ പരാതിയിലാണ് 14ന് രാത്രി ഒമ്പതിന് ഹക്കീമിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സ്റ്റേഷനിലെത്തിയ ഹക്കീമിനെ നാല് പൊലീസുകാർ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. കാമറയിൽ പതിയാതിരിക്കാൻ പൊലീസുകാർ കാമറ മറഞ്ഞ് നിന്നു. മണിക്കൂറുകൾ നീണ്ട കൊടിയ പീഡനത്തിനിടെ ഹക്കീം സ്റ്റേഷനിലെ ഇരുമ്പു ഗ്രില്ലിൽ പിടിച്ചു നിന്നു. അപ്പോൾ മറ്റൊരു പൊലീസുകാരൻ കൂടി വന്ന് ഇയാളെ എടുത്ത് നിലത്തടിച്ചുവത്രേ. ഇതിനിടയിൽ ഗ്രില്ല് ചുവരിൽ നിന്ന് വിട്ടു പോയി. പിന്നീട് ഇക്കാര്യം പറഞ്ഞായി മർദ്ദനം. നിലത്തിട്ട് ഷൂസിന് ചവിട്ടി. അപ്പോൾ മറ്റൊരു മുറിയിൽ മർദ്ദിക്കുന്നതിന്റെ ബഹളവും ഒരാളിന്റെ അലർച്ചയും കേട്ടെന്നും അത് രാജ്കുമാറായിരുന്നെന്നും ഹക്കീം പറയുന്നു.
പിറ്റേന്ന് രാവിലെ മാതാവ് സുൽഫത്ത് സ്റ്റേഷനിലെത്തിയപ്പോൾ ഹക്കീം അവശനായി തറയിൽ കിടക്കുകയായിരുന്നു. മകൻ രോഗിയാണെന്നും ഭക്ഷണം നൽകണമെന്നും പറഞ്ഞപ്പോൾ തന്റെ കൺമുമ്പിൽവച്ച് പൊലീസ് ഹക്കീമിന്റെ മുഖത്തടിച്ചതായി സുൽഫത്ത് പറയുന്നു. വൈകിട്ട് കോടതിയിലെത്തിച്ച് പീരുമേട് ജയിലിൽ റിമാൻഡ് ചെയ്തു. പൊലീസ് മർദ്ദിച്ചോയെന്ന് മജിസ്ട്രേട്ട് ചോദിച്ചപ്പോൾ ഭയംകാരണം ഇല്ലെന്ന് പറഞ്ഞു. ഇന്നലെ ജയിലിൽ നിന്ന് ഇറങ്ങി നെടുങ്കണ്ടം ആശുപത്രിയിൽ ചികിത്സ തേടി. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റെന്നും മൂത്രതടസമുണ്ടെന്നും ഹക്കീം പറയുന്നു. ഇതിനിടെ ഗ്രില്ല് നന്നാക്കാൻ ഹക്കിമിന്റെ മാതാവിനോട് പൊലീസ് 4000 രൂപ ആവശ്യപെട്ടു. തുക നൽകിയില്ലെങ്കിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് അറിയിച്ചു. ഇതോടെ 700 രൂപ മുടക്കി ഗ്രില്ല് നന്നാക്കിച്ചെന്നെന്നും മാതാവ് പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും കോടതിയെ സമീപിക്കുമെന്നും ഹക്കീമും മാതാവും പറഞ്ഞു.
ആരോപണം അടിസ്ഥാന രഹിതം: ഭാര്യ
ഹക്കിമിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഭാര്യ റസീന പറയുന്നു. കഞ്ചാവടക്കമുള്ള ലഹരിക്ക് അടിമായ ഹക്കിം സ്ഥിരമായി തന്നെ മർദ്ദിച്ചിരുന്നു. ഹക്കിമിനെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ 13ന് ഹക്കിമിന്റെ ക്രൂരമായ മർദ്ദനത്തിൽ തന്റെ വലത് കൈ ഒടിഞ്ഞു. തുടർന്നാണ് തന്റെ പിതാവ് പരാതി നൽകിയത്. 13 ന് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഹക്കിം സ്റ്റേഷനിൽവച്ച് തന്റെ പിതാവിനെ മർദ്ദിച്ചു. തുടർന്ന് പൊലീസ് സെല്ലിലാക്കിയപ്പോൾ ഗ്രില്ല് ഇയാൾ ചവിട്ടി വളച്ചതാണെന്നും റസീന പറയുന്നു.