അനാഥാലയത്തിന്റെ വീർപ്പുമുട്ടലിൽ നിന്നും കൊല്ലം ജില്ലാ കളക്‌ടറുടെ കസേരയിലേക്ക്: കളക്ടർ ബ്രോ, ദ റിയൽ ഹീറോയെന്ന് നാട്ടുകാർ
കൊല്ലം:അനാഥാലയത്തിന്റെ നാല് ചുവരുകൾക്കുള്ളിൽ വീർപ്പുമുട്ടുമ്പോഴും ആ കുട്ടിയ്ക്ക് നല്ലകാലത്തിന്റെ പ്രതീക്ഷയുണ്ടായിരുന്നു. പഠിച്ചും ജീവിത പ്രാരാബ്ധങ്ങളോട് പോരാടിയും മുന്നേറിയ ബി.അബ്ദുൽ നാസർ ഇന്ന് കൊല്ലത്തിന്റെ കളക്ടറാണ്. സാഹചര്യങ്ങൾ പ്രതികൂലമായാലും മുന്നേറാനുള്ള ദൃഢനിശ്ചയം ഉണ്ടെങ്കിൽ ഉന്നതങ്ങളിൽ എത്താമെന്നതിന്റെ തെളിവാണ് ഈ കളക്ടർ. തലശ്ശേരി പറമ്പത്ത് അബ്ദുൽ ഖാദർ- മാഞ്ഞുമ്മ ഹജ്ജുമ്മ ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനാണ് അബ്ദുൽ നാസർ. ബാപ്പയുടെ മരണത്തോടെ കുടുംബത്തിന്റെ താളംതെറ്റി. നാല് സഹോദരിമാരുൾപ്പെടുന്ന കുടുംബം പട്ടിണിയിലായി. വീടുകളിൽ വീട്ടുവേലയ്ക്ക് പോയാണ് മാതാവ് ആറ് മക്കളെയും പോറ്റിയത്. ഉമ്മ അബ്ദുൽ നാസറിനെ തലശ്ശേരി ദാറുൽസലാം അനാഥാലയത്തിലാക്കി. ഉമ്മച്ചിയും കൂടപ്പിറപ്പുകളും കൂടെയില്ലെങ്കിലും വിശന്നിരിക്കേണ്ടെന്നതായിരുന്നു അഞ്ച് വയസ്സുകാരന്റെ ആശ്വാസം. പത്താംക്ളാസ് വരെ അവിടെ പഠിച്ച് സങ്കടങ്ങളെ പുസ്തക വായനയിലൂടെ മറന്നു. പ്രീഡിഗ്രി ആയപ്പോൾ തൃശൂർ വാടാനപ്പള്ളി ഇസ്ളാമിക കോളേജ് ഫോർ ഓർഫനേജിലേക്ക് മാറി. ബിരുദത്തിന് ബ്രണ്ണൻ കോളേജിൽ ഇംഗ്ളീഷ് സാഹിത്യത്തിൽ ചേർന്നു.
ഇടവേളകളിൽ ചെറിയ ജോലികൾ ചെയ്താണ് പഠനച്ചെലവിനുള്ള വക കണ്ടെത്തിയത്. കോഴിക്കോട് ഫാറൂഖ് കോളേജിൽ നിന്ന് എം.എയും പിന്നീട് ബി.എഡും പാസ്സായി. ഹെൽത്ത് ഇൻസ്പെക്ടർ കോഴ്സ് പഠിച്ചത് സർക്കാർ ജോലിയിലേക്കുള്ള ചവിട്ടുപടിയായി. ആരോഗ്യ വകുപ്പിൽ ഹെൽത്ത് ഇൻസ്പെക്ടറായി ആദ്യ നിയമനംം. അതിൽ ഒതുങ്ങിക്കൂടാൻ അബ്ദുൽ നാസർ തയ്യാറായില്ല. തലശ്ശേരി യു.പി സ്കൂളിൽ അദ്ധ്യാപകനായി. ആ ജോലി ഉപേക്ഷിച്ച് സിവിൽ സർവീസിനുള്ള കഠിന പരിശ്രമം തുടരവേ 2006ൽ ഡെപ്യൂട്ടി കളക്ടറായി നിയമനം. അതോടെ ഉമ്മച്ചിയെ ഒപ്പം കൂട്ടി. 2012ൽ സർക്കാർ ഐ.എ.എസ് പദവി നൽകി. കേന്ദ്ര ഹജ്ജ് കമ്മിറ്റി കോ-ഓർഡിനേറ്റർ, എൻട്രൻസ് കമ്മിഷണർ, ഗെയിൽ പൈപ്പ് ലൈൻ പദ്ധതി കോംപിറ്റൻഡ് അതോറിറ്റി എന്നീ നിലകളിൽ മികച്ച സേവനം നടത്തി. ആദ്യമായാണ് ജില്ലാ കളക്ടറുടെ പദവിയിലെത്തുന്നത്.
നിയോഗം കൊല്ലത്ത് ലഭിച്ചതിന്റെ സന്തോഷം വളരെ വലുതാണെന്ന് അബ്ദുൽ നാസർ പറഞ്ഞു. ഹയർ സെക്കൻഡറി അദ്ധ്യാപിക എം.കെ.റുക്സാനയും മക്കൾ എൻജിനീയറിംഗ് ബിരുദധാരിയായ നെയീമയും ബി.ബി.എ വിദ്യാർത്ഥി നു ആമുൽ ഹഖും എട്ടാം ക്ളാസ് വിദ്യാർത്ഥി ഇനാമുൽ ഹഖുമൊക്കെ അബ്ദുൽ നാസറിന്റെ സന്തോഷത്തിൽ പങ്കുചേരുകയാണ്. ഉമ്മ അഞ്ച് വർഷം മുൻപ് മരിച്ചു. കൊല്ലം ഏറെ ഇഷ്ടപ്പെടുന്ന നാടാണെന്നും ഇവിടെ കളക്ടറായി എത്താനായത് ഭാഗ്യമായെന്നും കരുതുന്ന അബ്ദുൽ നാസർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിപ്രർത്തിക്കാനാണ് ആഗ്രഹിക്കുന്നത്.