ആദ്യത്തെ പരാതികൾ പൊലീസ് ഒത്തുതീർത്തു
രാജാക്കാട്: രാജ്കുമാറിന്റെ ഹരിതാ ഫിനാൻസിനെതിരെ ആദ്യമെത്തിയ പരാതികൾ പൊലീസ് മുൻകൈയെടുത്ത് ഒത്തുതീർപ്പാക്കിയതായി വിവരം. വായ്‌പയ്‌ക്കായി ആയിരം മുതൽ 10,000 രൂപ വരെ പ്രോസസിംഗ് ഫീസ് നൽകിയവർക്ക് പറഞ്ഞ സമയത്ത് പണം നൽകാതെ വന്നതോടെയാണ് ഇവർ നെടുങ്കണ്ടം സ്റ്റേഷനിൽ പരാതി നൽകിയത്. ഈ പരാതികളാണ് രാജ്കുമാറിനെയും പരാതിക്കാരായ സ്ത്രീകളടക്കമുള്ളവരെയും സ്റ്റേഷനിൽ വിളിച്ച് ഒത്തുതീർത്തത്.
15 ദിവസത്തിനകം അപേക്ഷ നൽകിയ സ്വയംസഹായ സംഘങ്ങൾക്ക് വായ്‌പ നൽകുമെന്നും പൊലീസ് മദ്ധ്യസ്ഥതയിൽ ധാരണയുണ്ടാക്കി. എന്നാൽ പരാതികൾ കൂടുകയും പണം വിതരണം ചെയ്യാതെ വന്നതോടെയുമാണ് പൊലീസ് സ്ഥാപനം പൂട്ടിയത്. വായ്‌പയ്‌ക്ക് അപേക്ഷിച്ചവർക്ക് വണ്ടിച്ചെക്ക് നൽകിയെന്നും വിവരമുണ്ട്.
രാജ്കുമാർ കസ്റ്റഡിയിലാകുന്നതിന് ഒരു ദിവസം മുമ്പ് വായ്‌പയ്‌ക്ക് അപേക്ഷിച്ച നെടുങ്കണ്ടം സ്വദേശിക്ക് 20 ലക്ഷം രൂപയുടെ ചെക്കാണ് നൽകിയത്. നെടുങ്കണ്ടത്തെ സ്വകാര്യ ബാങ്കിന്റെ ചെക്കുകളാണ് നൽകിയത്. ഇയാൾ ചെക്കുമായി ബാങ്കിലെത്തിയെങ്കിലും അക്കൗണ്ടിൽ പണം ഇല്ലായിരുന്നു. ഇതുപോലെ ചെക്കുകൾ മടങ്ങിയതോടെയാണ് ഇടപാടുകാർ ഹരിതാ ഫിനാൻസ് വായ്പ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചത്.
തുടർന്ന് ജൂൺ 12ന് രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തു. രണ്ട് ദിവസമായിട്ടും അറസ്റ്റ് രേഖപ്പെടുത്താൻ തയ്യാറായില്ല. നാട്ടുകാർക്ക് സംശയം തോന്നിയതോടെ ജനങ്ങൾ സ്റ്റേഷനിലെത്തി. എന്നാൽ രാജ്കുമാർ സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യൽ തുടരുകയാണെന്നുമായിരുന്നു എസ്.ഐയുടെ മറുപടി.