അപൂർവ പടിയിറക്കത്തിന് വേദിയായി ദർബാർ ഹാൾ, വി.പി.ജോയിയും ഡി.ജി.പിയും വിരമിച്ചു
തിരുവനന്തപുരം: കേരളത്തിന്റെ ഭരണചരിത്രത്തിലെ അപൂർവ പടിയിറങ്ങലിന് വേദിയായി സെക്രട്ടേറിയറ്റ് ഡർബാർ ഹാൾ. ചീഫ് സെക്രട്ടറി വി.പി.ജോയിയും സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തുമാണ് ഒരേ ദിവസം വിരമിക്കുകയും ഒരേ വേദിയിൽ യാത്രയയപ്പ് ഏറ്റുവാങ്ങുകയും ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും അടക്കം ഒത്തുചേർന്ന ചടങ്ങായിരുന്നു നടന്നത്. ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഒരേദിവസം വിരമിക്കുന്നതിലെ കൗതുകം ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിയാണ് പരാമർശിച്ചത്. വി.പി.ജോയിക്ക് സെക്രട്ടേറിയറ്റിന്റെ മാതൃകയും അനിൽകാന്തിന് അനന്തശയന മാതൃകയുമാണ് മുഖ്യമന്ത്രി ഉപഹാരമായി നൽകിയത്. എം.ടി.വാസുദേവൻ നായർ തയ്യാറാക്കിയ മലയാള ഭാഷാ പ്രതിജ്ഞ ആലേഖനം ചെയ്ത ശിലാഫലകവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഓൺലൈൻ നിഘണ്ടുവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
പുതിയ ചീഫ് സെക്രട്ടറി ഡോ. വി.വേണു, പൊതുഭരണ അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ എന്നിവർ സംസാരിച്ചു. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, സജി ചെറിയാൻ, പി.പ്രസാദ്, കവി പ്രൊഫ.വി.മധുസൂദനൻനായർ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം.സത്യൻ, വി.പി.ജോയിയുടെ ഭാര്യ ഷീജ ജോയ് തുടങ്ങിയവർ പങ്കെടുത്തു.