'മഴയുണ്ടെങ്കിൽ തലേദിവസം അവധി പ്രഖ്യാപിക്കണം, അല്ലെങ്കിൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകും'; കളക്ടർമാർക്ക് നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി

Tuesday 04 July 2023 2:26 PM IST

കോട്ടയം: മഴയുണ്ടെങ്കിൽ തലേദിവസം തന്നെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുന്ന നയം ജില്ലാ കളക്ടർമാർ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. രാവിലെ അവധി പ്രഖ്യാപിച്ചാൽ കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കോട്ടയത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്നൊരുക്കത്തിന്റെ ഭാ​ഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അപകടാവസ്ഥയിലായ മരങ്ങളെല്ലാം മുറിച്ചുമാറ്റിയതായി മന്ത്രി ചൂണ്ടിക്കാട്ടി. കാസർകോട് മരം വീണ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇന്നലെ കടപുഴകിയ മരം അപകടാവസ്ഥയിലുള്ള മരങ്ങളുടെ കൂട്ടത്തിൽ ഇല്ലായിരുന്നു. സാദ്ധ്യമായ സഹായമെല്ലാം കുടുംബത്തിനായി സർക്കാർ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

മലബാറിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നം ഒരു രാഷ്ട്രീയ വിഷയമാക്കേണ്ടതില്ല. വിഷയത്തിൽ പരിഹാരം കാണുന്നതിനുള്ള നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. 14 ബാച്ചുകൾ മലബാറിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്. അവിടെ ചിലപ്രശ്നങ്ങളുണ്ട് എന്നത് സത്യമാണ്. എന്നാൽ, ഇത് ഒരു രാഷ്ട്രീയ വിഷയമാക്കിയെടുത്ത് സമരം ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
Advertisement