ജി.എസ്.ടി പരിഷ്കാരങ്ങളിൽ കണ്ണ് നട്ട്
പുതിയ ധനകാര്യമന്ത്രി നിർമല സീതാരാമന്റെ കന്നി ബഡ്ജറ്റ് ജി.എസ്.ടിയിൽ വിപ്ലവകരമായ ചില മാറ്റങ്ങൾ വരുത്താൻ സാദ്ധ്യതയുണ്ട് എന്ന സൂചനകൾ രാജ്യത്തെ വ്യാപാരി സമൂഹത്തിന് നൽകുന്ന പ്രതീക്ഷകൾ ഏറെയാണ്. ജി.എസ്.ടിയിൽ നിലവിൽ 5 സ്ലാബ് ടാക്സ് റേറ്റ് ആണ്. ഒരേ സ്വഭാവമുള്ള വസ്തുക്കൾക്ക് തന്നെ വിവിധ ടാക്സ് സ്ലാബുകളും നിലവിലുണ്ട്. ഇത് വ്യാപാരികൾക്കും ഉദ്യോഗസ്ഥർക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. അതുകൊണ്ടുതന്നെ പുതിയ സർക്കാരിന്റെ വാഗ്ദാനമായ ജി.എസ്.ടി സ്ലാബ് ലളിതവത്കരണവും ജി.എസ്.ടി കൗൺസിൽ കൈക്കൊണ്ട ചില സുപ്രധാന തീരുമാനങ്ങളുടെ നടപ്പാക്കലും ഈ ബഡ്ജറ്റിൽ തന്നെ ഉണ്ടാകുമെന്ന് കരുതി കാത്തിരിക്കുകയാണ് രാജ്യം. റിട്ടേൺരീതികൾ ലളിതവത്കരിച്ച് യുക്തിസഹമായ രീതിയിൽ നികുതി സംവിധാനമൊരുക്കി കൂടുതൽ പേരെ നികുതി ഘടനയിലേക്ക് കൊണ്ടുവന്ന് കൂടുതൽ കാര്യക്ഷമമായ ജി.എസ്.ടി നിലവിൽ വന്നാൽ നന്നായി.
ജി.എസ്.ടിക്ക് രണ്ട് വയസാകുമ്പോൾ
ഒരു രാജ്യം ഒരൊറ്റ നികുതി എന്ന കാഴ്ചപ്പാടോടെ രാജ്യത്തെ പരോക്ഷനികുതി സംവിധാനത്തെ ഉടച്ച് വാർത്തുകൊണ്ട് 2017 ജൂലായ് ഒന്നിനാണ് ജി.എസ്.ടി നിലവിൽ വന്നത്. ജി.എസ്.ടിക്ക് മുൻപ് ലോകത്ത് 190 രാജ്യങ്ങളിലായി നടത്തിയ സർവേയിൽ നമ്മുടെ രാജ്യം വാണിജ്യനിയമ സുതാര്യതയിൽ 130 - ാം സ്ഥാനത്തായിരുന്നു. ജി.എസ്.ടിക്ക് ശേഷം ഇന്ത്യ 30 രാജ്യങ്ങളെ മറികടന്ന് 100ാം സ്ഥാനം കൈവരിച്ചെന്ന് ലോകബാങ്ക് പഠനത്തിൽ വ്യക്തമാവുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ വേണം ഇന്നത്തെ അവസ്ഥ വിലയിരുത്തേണ്ടത്. ജി.എസ്.ടിക്ക് മുമ്പ് വാറ്റ്, എക്സൈസ്, സർവീസ് നികുതി എന്നിവയ്ക്കൊക്കെ വ്യത്യസ്ത റിട്ടേണുകളായിരുന്നു. ഈ നൂലാമാലകളെല്ലാം പരിഹരിക്കാൻ ഒറ്റനികുതി റിട്ടേൺ എന്ന കാഴ്ചപ്പാടിൽ വന്നതാണ് ജി.എസ്.ടി. ജി.എസ്.ടിക്ക് മുമ്പ് ഒരു വിദേശി ഇന്ത്യയിൽ നിക്ഷേപം നടത്തുമ്പോൾ അയാൾ ഒരു വസ്തു ഇവിടെ കൊണ്ടുവന്ന് വിൽക്കാനായി എത്ര ശതമാനം നികുതി അടയ്ക്കേണ്ടി വരുമെന്ന് പറയാനാവില്ലായിരുന്നു. സ്വർണാഭരണത്തിന് കേരളത്തിൽ അഞ്ച് ശതമാനം നികുതിയുള്ളപ്പോൾ തമിഴ്നാട്ടിൽ അഞ്ച് ശതമാനത്തിൽ താഴെയാണ് നികുതി. കർണാടകത്തിൽ നികുതി വ്യത്യസ്തമാണ്. അതുപോലെ കോഴിക്ക് കേരളത്തിൽ 14.5 ശതമാനം നികുതിയുള്ളപ്പോൾ മറ്റ് ചില സംസ്ഥാനങ്ങളിൽ നികുതിയില്ലായിരുന്നു. ജി.എസ്.ടി വന്നശേഷം ആസാമിൽ അരിക്ക് എത്രയാണോ നികുതി നിരക്ക് അതുതന്നെയാകും കേരളത്തിലും.
പ്രായോഗിക തലത്തിൽ
കേന്ദ്ര,സംസ്ഥാന മന്ത്രിമാരുൾപ്പെടുന്ന ജി.എസ്.ടി കൗൺസിൽ ആണ് ജി.എസ്.ടി സംബന്ധമായ നയപരവും ഭരണപരവുമായ തീരുമാനങ്ങളെടുക്കുന്നത്. ജി.എസ്.ടിയുടെ തുടക്കകാലത്ത് റിട്ടേൺ ഫയലിംഗ്, ടാക്സ് റേറ്റ്, ടാക്സ് ക്രെഡിറ്റ് തുടങ്ങിയവ സംബന്ധിച്ച് ധാരാളം പ്രായോഗിക ബുദ്ധിമുട്ടുകളും അവ്യക്തതകളുമുണ്ടായി . ഇതിനെല്ലാം പുറമേ സോഫ്ട്വെയർ പിഴവുകൾ മൂലം യഥാസമയം റിട്ടേൺ സമർപ്പിക്കാൻ കഴിയാതെയും വന്നു. തുടർന്ന് ജി.എസ്.ടി സോഫ്ട് വെയർ നെറ്റ്വർക്ക് പൂർണമായും സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള തീരുമാനമെടുത്ത് ഒരു വർഷമായിട്ടും പ്രാവർത്തികമായിട്ടില്ല.
സ്വകാര്യ കമ്പനികൾക്ക് മുൻതൂക്കമുള്ള, ലാഭേച്ഛയില്ലാത്ത കമ്പനിക്ക് ഇതിന്റെ നടത്തിപ്പിനായി സർക്കാർ 143.97 കോടിരൂപ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ചെലവഴിച്ചത് 62.12 കോടി മാത്രമാണ്. ജി.എസ്.ടി നെറ്റ്വർക്കിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തത് കൊണ്ട് ബന്ധപ്പെട്ട വകുപ്പുകളും വ്യാപാര സമൂഹവും പ്രയാസം അനുഭവിക്കുന്നു. മറുവശത്ത് ഇതിന്റെ നടത്തിപ്പിനായി അനുവദിച്ച തുകയുടെ പകുതി പോലും ഉപയോഗിക്കാതെ വെള്ളാന സംവിധാനമായി ജി.എസ്.ടി നെറ്റ് വർക്ക് മാറുന്നു.
ജി.എസ്.ടി നിയമത്തിലെ ചില അപാകതകൾ പരിഹരിക്കാൻ കഴിഞ്ഞ ഡിസംബറിൽ ജി.എസ്.ടി കൗൺസിൽ എടുത്ത തീരുമാനങ്ങൾ ആറ് മാസം പിന്നിട്ടിട്ടും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. അതത് മാസങ്ങളിലെ അവസാന തീയതികളിൽ നികുതി അടയ്ക്കാനായില്ലെങ്കിൽ ആ മാസത്തെ വാങ്ങൽ നികുതി തട്ടിക്കിഴിക്കാതെ അവരുടെ ബിൽ തുകയുടെ മേൽ പലിശ അടയ്ക്കാൻ ബാദ്ധ്യത വരും എന്നത് മാറ്റി പർച്ചേസ് ചെയ്ത വസ്തുക്കളിന്മേലുള്ള നികുതി തട്ടികിഴിക്കാൻ അനുവദിച്ച് കൈക്കൊണ്ട തീരുമാനമാണ് ഇവയിൽ പ്രധാനം. ഈ വിഷയത്തിലെ ഒട്ടനവധി വ്യവഹാരങ്ങൾ ബന്ധപ്പെട്ട നിയമഭേദഗതിയുടെ അഭാവത്തിൽ കോടതികളിൽ കെട്ടിക്കിടക്കുകയും തള്ളപ്പെടുകയും ചെയ്യുന്നുണ്ട്. കൗൺസിൽ തീരുമാനം നിയമഭേദഗതിയാക്കാൻ വൈകുന്നതു കൊണ്ട് മാത്രമാണിത്.
ജി.എസ്.ടി പോർട്ടലിൽ ഏതെങ്കിലും കാഷ് ലെഡ്ജറിൽ പൈസ ഉണ്ടെങ്കിൽപ്പോലും അത് മറ്റ് ഹെഡിൽ നികുതി അല്ലെങ്കിൽ ലേറ്റ് ഫീ, പലിശ തുടങ്ങി ഹെഡിൽ അടയ്ക്കാൻ നിലവിൽ സാദ്ധ്യമല്ല.കാഷ് ലെഡ്ജറിൽ രൂപയുണ്ടെങ്കിൽ അത് ഏത് ഹെഡിൽ വേണമെങ്കിലും അടയ്ക്കാൻ അനുവദിക്കുന്ന തീരുമാനവും കഴിഞ്ഞ ഡിസംബറിൽ ജി.എസ്.ടി കൗൺസിൽ കൈക്കൊണ്ടിരുന്നു. വ്യാപാരി സമൂഹത്തിന് സഹായകരമായ ഈ മാറ്റവും ഇതുവരെ ജി.എസ്.ടി പോർട്ടലിൽ വരുത്തിയിട്ടില്ല. ബന്ധപ്പെട്ട തീരുമാനങ്ങൾ കൗൺസിൽ പാസാക്കി വകുപ്പുകളെയും ജി.എസ്.ടി നെറ്റ്വർക്കിനെയും അറിയിച്ചിട്ടുണ്ടെങ്കിലും നടപടി സംബന്ധിച്ച് വിവരമൊന്നും ലഭ്യമല്ലെന്നാണ് ജി.എസ്.ടി വകുപ്പിന്റെ നിലപാട്. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാനുതകുന്ന സമീപനത്തിലൂടെ ജി.എസ്.ടി നികുതി സമ്പ്രദായത്തെ രാജ്യപുരോഗതിക്ക് ഉതകുന്ന രീതിയിൽ പരിഷ്കരിക്കാൻ നിർമ്മല സീതാരാമൻ ശ്രദ്ധയൂന്നുമെന്നാണ് നികുതിദായകർ കരുതുന്നതും.
ലേഖകന്റെ ഫോൺ : 94472 97554